ഡിസംബര്‍ 06 ഫാഷിസ്റ്റ് വിരുദ്ധ ദിനം: കോടതികളില്‍ സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുന്നു: സി പി എ ലത്തീഫ്
കണ്ണൂര്‍: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ അനുമതി കൊടുത്ത കോടതി വിധി തികച്ചും അന്യായവും ഭരണഘടന മൂല്യങ്ങള്‍ക്കെതിരുമായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. 'ഡിസംബര്‍ 06 ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിന്റെ' ഭാഗമായി ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിലും അജ്മീര്‍ ദര്‍ഗയിലും ഹിന്ദുത്വര്‍ അവകാശവാദമുന്നയിച്ചിരുക്കുയാണ്. സര്‍വ്വേ ആവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ഹരജിയില്‍ മസ്ജിദ് കമ്മിറ്റിയുടെ വാദം കേള്‍ക്കുക പോലും ചെയ്യാതെയാണ് കോടതികള്‍ വിധി പുറപ്പെടുവിക്കുന്നത്.
സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെടുകയാണ്. സംഘ്പരിവാറിന്റെ ന്യായങ്ങള്‍ കോടതികളെ പോലും സ്വാധീനിച്ചിരിക്കുകയാണെന്നും സി പി എ ലത്തീഫ് പറഞ്ഞു.പഴയ ബസ്റ്റാന്റില്‍ നടന്ന സംഗമത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എ ഫൈസല്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എന്‍ പി ഷക്കീല്‍, സെക്രട്ടറിമാരായ ഷംസുദ്ദീന്‍ മൗലവി, മുസ്തഫ നാറാത്ത്, മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സമീറ ഫിറോസ് സംസാരിച്ചു
മറ്റൊരു ബാബരി മസ്ജിദ് രാജ്യത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ പറഞ്ഞു. ഇനിയൊരു മതേതര സംവിധാനത്തെ സംഘപരിവാരത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും പത്തനംതിട്ട മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണ്. അത് തിരിച്ചുപിടിക്കണം. അതിനായി നിയമപരമായി പോരാട്ടം തുടരും. ഇന്ത്യരാജ്യത്ത് ബുള്‍ഡോസര്‍ രാജ് വാഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ ഇടപെടലുകളെ ചോദ്യം ചെയ്തുവെന്നതിന്റെ പേരില്‍ പൗരന്‍മാരെ തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. പ്രതിഷേധിക്കുന്നവരെ തല്ലിച്ചതച്ച് യുഎപിഎ പോലെയുള്ള നിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ തള്ളുന്നു. കഴിഞ്ഞദിവസം യുപിയിലെ സംഭല്‍ ജില്ലയില്‍ ശാഹീ മസ്ജിദിലെ അനധികൃത സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച അഞ്ച് യുവാക്കളെയാണ് യോഗി ഭരണകൂടം വെടിവെച്ചു കൊന്നത്. മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പോലീസിന്റെ കിരാത വാഴ്ചയാണ് നടന്നത്. ഇതിനെ പ്രതിഷേധ ശബ്ദം ഉയര്‍ത്താന്‍ പോലും ആരുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി പഴകുളം, ട്രഷറര്‍ ഷാജി കോന്നി സംസാരിച്ചു.