ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ സംസ്ഥാനവ്യാപകമായി എസ് ഡിപി ഐ പ്രതിഷേധം
കോഴിക്കോട്: ഫലസ്തീനികളെ കൊന്നൊടുക്കാന്‍ ഇസ്രായേലിന് എല്ലാവിധ സഹായങ്ങളുടെ ചെയ്യുന്ന അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരേ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. നവംബര്‍ എട്ട്, ഒമ്പത്, 10 തിയ്യതികളിലായി സംസ്ഥാനത്തെ 200 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കാളികളായത്. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ നടന്ന പ്രതിഷേധ സംഗമം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ഒരു മാസം കൊണ്ട് പതിനായിരത്തിലേറെ ഫലസ്തീനികളെ കൊന്നിട്ടും ഇസ്രായേലില്‍ വെടിനിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ സെക്രട്ടറി ആന്റണി ബ്രിങ്കണിന് ഇന്ത്യയില്‍ പരവതാനി വിരിക്കുന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന് എതിരാണന്ന് അദ്ദേഹം പറഞ്ഞു. മാനസിക വൈകല്യമുള്ളവരുടെ ആശുപത്രിയും കുട്ടികളുടെ ആശുപത്രിയും തകര്‍ത്ത് പതിനായിരകണക്കിന് പേരെയാണ് 30 ദിവസം കൊണ്ട് ഇസ്രായേല്‍ ഭീകരര്‍ കൊലപ്പെടുത്തിയത്. ഹമാസാണ് ലക്ഷ്യമെങ്കില്‍ വെസ്റ്റ് ബേങ്കിനെ എന്തിന് ആക്രമിക്കണം. ഹമാസും ഗസയുമല്ലഫലസ്തീന്‍ മുഴുവനുമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട്, നൗഫല്‍, ഉസ്മാന്‍ ഹാജി സംസാരിച്ചു.
കണ്ണൂര്‍ എടക്കാട് ആന്റണി ബ്ലിങ്കന്‍ ഗോ ബാക്ക് എന്നാവശ്യപ്പെട്ട് എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. എടക്കാട് ബസാറില്‍ നടത്തിയ പ്രതിഷേധ പരിപാടി മണ്ഡലം ആക്റ്റിങ് പ്രസിഡന്റ് നിയാസ് തറമ്മല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനത എന്നും ഫലസ്തീനോടൊപ്പമാണെന്നും ഇന്ത്യന്‍ ഫാഷിസ്റ്റ് സര്‍ക്കാര്‍ ഇസ്രായേലിന് പിന്തുണ നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നിയാസ് തറമ്മല്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറി പി ടി വി ഷംസീര്‍, മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി ഷാനിര്‍, സെക്രട്ടറി സാഹിര്‍ ടി കെ,ടി സി നിബ്രാസ്, ഫൈസല്‍ കൂടക്കടവ് നേതൃത്വം നല്‍കി.