ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ മലപ്പുറത്ത് സമര ചത്വരം സംഘടിപ്പിച്ചു
മലപ്പുറം: കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ ഇടതു സര്‍ക്കാരും അനുവര്‍ത്തിക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളില്‍ എസ്ഡിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറത്ത് സമര ചത്വരം സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്റെയും കോലം കത്തിച്ചു.
'ലാവലിന്‍ സ്വര്‍ണക്കടത്ത്, കൊടകര കുഴല്‍പ്പണം തിരഞ്ഞെടുപ്പ് കോഴ ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമര ചത്വരം സംഘടിപ്പിച്ചത്. ബിജെപിയും സിപിഎമ്മും അഴിമതിയിലും കോഴയിലും കള്ളക്കടത്തിലും പരസ്പരം മല്‍സരിക്കുകയാണന്നും ലാവലിന്‍ അഴിമതി മുതല്‍ സ്വര്‍ണക്കടത്ത് വരെ നീളുന്ന ഇടതു സര്‍ക്കാരും പിണറായി വിജയനും നടത്തിയിട്ടുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി ബിജെപി പിണറായിയെ വിരട്ടി നിര്‍ത്തിയിരിക്കുകയാണന്നും അതുകൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കോടികള്‍ സംസ്ഥാനത്തേക്കൊഴുക്കിയ ബിജെപിക്കും കെ സുരേന്ദ്രനുമെതിരേ ചെറുവിരലനക്കാന്‍ ഇടതു സര്‍ക്കാരിന് കെല്‍പ്പില്ലാതെ പോയതെന്നും സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് പറഞ്ഞു,
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. മുഖ്യമന്ത്രിക്കെതിരേ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന വിവരം പുറത്തുവന്നപ്പോഴേക്കും കെ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കോഴക്കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് വിരട്ടി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തിന്റെ ഭാവിക്ക് ഭീഷണിയാണ്. ആരോപണ വിധേയനായ മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, ട്രഷറര്‍ കെ സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.