മുസ്‌ലിംകള്‍ക്കെതിരേ വംശീയ പരാമര്‍ശം: കെ ആര്‍ ഇന്ദിരക്കെതിരേ എസ്ഡിപിഐ പരാതി നല്‍കി

കെ ആര്‍ ഇന്ദിരയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരയുടെ നാടായ മേഴത്തൂരില്‍ പ്രകടനവും നടത്തി.

Update: 2019-09-03 16:56 GMT

തൃത്താല: മത സ്പര്‍ദ്ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശം നടത്തിയ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ ആര്‍ ഇന്ദിരക്കെതിരേ എസ്ഡിപിഐ തൃത്താല പോലിസില്‍ പരാതി നല്‍കി. എസ്ഡിപിഐ തൃത്താല മണ്ഡലം പ്രസിഡന്റ് എം എ ഉമ്മറാണ് പരാതി നല്‍കിയത്.


കെ ആര്‍ ഇന്ദിരയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരയുടെ നാടായ മേഴത്തൂരില്‍ പ്രകടനവും നടത്തി.

നാടിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം വിഷ ജന്തുക്കളെ കരുതിയിരിക്കണമെന്നും അവരെ ജോലി ചെയ്യുന്ന ആകാശവാണിയില്‍ നിന്ന് പുറത്താക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും പ്രകടനത്തെ തുടര്‍ന്ന് സംസാരിച്ച എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഷഹീര്‍ ബാബു ആവശ്യപ്പെട്ടു. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഉമ്മര്‍ എം എ, സെക്രട്ടറി മുജീബ് പരുതൂര്‍, ജോ.സെക്രട്ടറി മൊയ്ദു മണിയാറത്, കാദര്‍ തൃത്താല, ശിഹാബ് കൂറ്റനാട് തുടങ്ങിയവര്‍ പ്രകടനത്തിന്ന് നേതൃത്വം നല്‍കി.

ഫേസ്ബുക്കില്‍ മുസ്‌ലിംകള്‍ക്കെതിരേ വംശീയ പരാമര്‍ശമുള്ള പോസ്റ്റിട്ടുവെന്ന പരാതിയില്‍ കെ ആര്‍ ഇന്ദിരക്കെതിരെ കൊടുങ്ങല്ലൂര്‍ പോലിസ് കേസെടുത്തിരുന്നു. സമൂഹത്തില്‍ മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയതിന് 120 ഒ വകുപ്പും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് ഇന്ദിര മുസ് ലിംകള്‍കളെ വംശീയമായി അവഹേളിക്കുന്ന വിധത്തില്‍ പ്രതികരിച്ചത്. ഇതിനെതിരേ കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകനായ എം ആര്‍ വിപിന്‍ദാസ് ആണ് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ പത്മരാജന് പരാതി നല്‍കിയത്. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. നിലവില്‍ തമിഴ്‌നാട്ടിലെ തൂത്തുകുടി ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറാണ് കെ ആര്‍ ഇന്ദിര. താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്.

Tags:    

Similar News