ഭയപ്പാടിൻ്റെ രാഷ്ട്രീയത്തിന് രാജ്യത്തെ സംരക്ഷിക്കാൻ കഴിയില്ല: മുവാറ്റുപുഴ അഷ്റഫ് മൗലവി
പാലക്കാട്: ഭയപ്പാടിൻ്റെ രാഷ്ട്രീയത്തിന് രാജ്യത്തെ സംരക്ഷിക്കാൻ കഴിയില്ലെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡൻ്റ് മുവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു. പാലക്കാട് ജില്ലയിൽ 'എസ് ഡി പി ഐ യെ വേട്ടയാടുന്നത് എന്ത് കൊണ്ട്?' എന്ന പ്രമേയത്തിൽ എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി നവംബർ 15 മുതൽ ഡിസംബർ 16 വരെ ജില്ലയിൽ സംഘടിപ്പിച്ച കാംപയിനിന്റെ സമാപനം കുറിച്ച് നടന്ന റാലിയും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കേസ്സെടുത്ത് തുറങ്കിലടച്ച് കോടതിയിൽ തെളിയിക്കാൻ കഴിയാത്ത നിരവധി കേസ്സുകൾ പുറത്ത് വരുന്നതായി പാലക്കാട് പോലീസ് ഓർക്കുന്നത് നല്ലതാണ്. എത്ര നിരപരാധികളെ വേട്ടയാടിയാലും ചൂളിപ്പോകുന്ന പാർട്ടിയല്ല എസ് ഡി പി ഐ. പാലക്കാട് പോലീസ് പക്ഷപാതപരമായ നിലപാടുകൾ മുമ്പും നടത്തിയിട്ടുണ്ട്. ആർ എസ് എസ്സിന് വേണ്ടി പാർട്ടി പ്രവർത്തകരെ വേട്ടയാടുന്നത് പാലക്കാട് പോലീസ് അവസാനിപ്പിക്കണം. ഇത്തരം വേട്ടയാടലുകൾ കൊണ്ട് എസ്ഡിപിഐയെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാകില്ല. ജനാധിപത്യ വിശ്വാസികളായ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കേണ്ടതുമില്ല. നിർഭയത്വത്തോടെ നിലപാട് പറഞ്ഞിരുന്ന അമീറലിയെ അറസ്റ്റ് ചെയ്തത് മാന്യമായ രീതിയിലല്ല.
രാജ്യത്തെ ജനങ്ങൾക്ക് നേട്ടങ്ങളില്ലാത്ത നിയമങ്ങളാണ് ബി ജെ പി ഭരണകൂടം ഉയർത്തികൊണ്ടു വരുന്നത്. എന്തെങ്കിലും ജനനന്മ രാജ്യത്തിന് നൽകാൻ ഫാഷിസ്റ്റ് ഭരണ കൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തെ അവർണ്ണ ജനവിഭാഗം രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. വെറും ഒമ്പത് ശതമാനം വരുന്ന ജനവിഭാഗം വിഭവങ്ങളെല്ലാം കൈക്കലാക്കി കൊണ്ടിരിക്കുന്നു.
അതിർത്തിയിൽ ചൈന ആക്രമണം നടത്തുമ്പോൾ പാർലമെൻ്റിൽ ചർച്ച ചെയ്യാൻ പോലും ഭരണകൂടം തയ്യാറാവുന്നില്ല. 91% വരുന്ന ജനവിഭാഗത്തെ മനുഷ്യരായി കാണാത്തവരാണ് രാജ്യം ഭരിക്കുന്നത്. ഭയമില്ലാത്ത, വിശപ്പില്ലാത്ത ഒരു രാജ്യമാണ് ഉയർന്നുവരേണ്ടത്. തുല്യ നീതിക്കായി കാവൽ നിൽക്കുന്നവരായി നാം ഓരോരുത്തരും മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം നാലിന് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയിലും സംഗമത്തിലും ശക്തമായ പ്രതിക്ഷേധമുയർന്നു. പാലക്കാട് പോലീസിൻ്റെ വിവേചനപരമായ നിലപാടിൽ വേട്ടയാടലിനിരകളാക്കപ്പെട്ടവരുടെ കുടംബങ്ങളടക്കം ആയിരങ്ങൾ അണിനിരന്നു. തുടർന്ന് മഞ്ഞക്കുളം പള്ളി പരിസരത്ത് പ്രതിഷേധ സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ, സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡൻ്റ് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി സ്വാഗതവും പറഞ്ഞു. പാലക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ജബ്ബാർ നന്ദി പറഞ്ഞു.