72 മണിക്കൂര്‍ പോലിസ് കസ്റ്റഡിയില്‍ ക്രൂര പീഡനം; എസ്ഡിപിഐ പ്രതിഷേധത്തെ തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു
പാലക്കാട്: 72 മണിക്കൂര്‍ അന്യായമായി പോലിസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച യുവാവിനെ എസ്ഡിപിഐയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയച്ചു. പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കള്ളക്കേസ് ചുമത്താനായി 72 മണിക്കൂര്‍ അന്യായമായി പാലക്കാട് പോലിസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെ എസ്ഡിപിഐ ഇടപെടലിനെ തുടര്‍ന്നാണ് പോലിസ് വിട്ടയച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്ഡിപിഐ പ്രവര്‍ത്തകനായ പട്ടാമ്പി കൈപ്പുറം സ്വദേശി അഷ്‌കറിനെ കൈപ്പുറത്തുള്ള വീട്ടിലെത്തി പാലക്കാട് പോലിസ് ഭീകരാന്തരീക്ഷം തീര്‍ത്ത് പിടിച്ച് കൊണ്ടുപോയി അന്യമായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂര്‍ കഴിഞ്ഞും വിട്ടയക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് പോലിസുമായി പാര്‍ട്ടി നേതൃത്വം നിരന്തരം ബന്ധപ്പെട്ടെങ്കിലും പോലിസ് അഷ്‌കറിനെ വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് പോലിസിന്റെ അന്യായമായ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച്ച വൈകുന്നേരം ഉമ്മയും ഭാര്യയും രണ്ടുകുഞ്ഞുങ്ങളും കൂടി പാലക്കാട് സൗത്ത് പോലിസ് സ്‌റ്റേഷനില്‍ അന്വേഷിച്ച് ചെന്ന വൃദ്ധയായ അഷ്‌കറിന്റെ മാതാവിനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും പോലീസ് സ്‌റ്റേഷന്റെ ഗേറ്റ് അടച്ച് രാത്രിമുഴുവന്‍ സ്‌റ്റേഷന്റെ പുറത്ത് നര്‍ത്തിയും പോലിസ് പീഡിപ്പിച്ചു. ഇതിനിടയില്‍ ജില്ലയിലെ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗം എസ് പി അമീറലിക്ക് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുള്ളതായി അഷ്‌കറിനെ ക്രൂരമായി മര്‍ദ്ദിച്ചും, പീഡിപ്പിച്ചും പറയിപ്പിച്ച് വ്യാജവീഡിയോയും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
പോലിസിന്റെ നിയമവിരുദ്ധവും അന്യായവും മനുഷ്യത്വവുരുദ്ധവുമായ നിലപാടില്‍ പ്രതിക്ഷേധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാകാശ കമ്മീഷനും ഉമ്മയും, ഭാര്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പ്പസ് കേസും ഫയല്‍ ചെയ്തിരുന്നു.
സഹപ്രവര്‍ത്തകനെ 72 മണിക്കൂറായി കസ്റ്റഡിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുന്ന പാലക്കാട് പോലിസിന്റെ നിയമവിരുദ്ധവും അന്യായവുമായ നടപടിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച രാത്രി പാലക്കാട് സൗത്ത് പോലിസ് സ്‌റ്റേഷന് മുന്നിലെത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് അഷ്‌ക്കറിനെ രാത്രി പാലക്കാട് പോലിസ് വിട്ടയച്ചത്. പോലിസ് മര്‍ദനത്തില്‍ പരിക്കുള്ളതിനാല്‍ അഷ്‌കറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.