മതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ് അപലപനീയമെന്ന് പി ജമീല

Update: 2022-05-20 10:25 GMT

തിരുവനന്തപുരം: മതപരിവര്‍ത്തനം ആരോപിച്ച് കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെ അറസ്റ്റുചെയ്ത നടപടി അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വയനാട് മാനന്തവാടി സ്വദേശിയായ പാസ്റ്റര്‍ വി കുര്യാച്ചന്‍ (62), ഭാര്യ സെലീനാമ്മ (57) എന്നിവരെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് കുട്ട പോലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ക്രൈസ്തവ ആരാധനാലയങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കണമെന്ന് കര്‍ണാടകയിലെ ശ്രീരാമ സേനാ തലവന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പരമത വിദ്വേഷം പടര്‍ത്തി ഹിംസാത്മക ഹിന്ദുത്വം ജനങ്ങളുടെ സമാധാന ജീവിതവും സഹവര്‍ത്തിത്വവും തകര്‍ക്കുകയാണ്. ഇതര മതവിശ്വാസികള്‍ക്കെതിരേ സായുധ അതിക്രമം നടത്തുന്ന സംഘപരിവാരത്തിനെതിരേ മൗനമവലംബിക്കുന്ന കര്‍ണാടക പോലിസാണ് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതിയില്‍ ഉടനടി അറസ്റ്റുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുന്നത്. ആര്‍എസ്എസ് വേദഗ്രന്ഥമായ വിചാരധാര അനുസരിച്ചുള്ള വംശ ശുദ്ധീകരണമാണ് ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മത സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന മഹത്തായ ഭരണഘടന നോക്കുകുത്തിയായി മാറിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിം, ക്രൈസ്തവ, ദലിത്, ആദിവാസി, സ്ത്രീ, ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ജീവല്‍ ഭീഷണിയിലാണ്. ഇതര സമൂഹങ്ങളെ അക്രമിക്കുന്നതിന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ പുതിയ പുതിയ കാരണങ്ങള്‍ കണ്ടെത്തുകയാണ്. പൗരന്മാര്‍ക്ക് നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട ഭരണസംവിധാനങ്ങളും പോലീസും ഹിന്ദുത്വ അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. രാജ്യത്തെ ഫാഷിസ്റ്റ് അക്രമികളില്‍ നിന്നു രക്ഷിക്കാന്‍ ജനാധിപത്യ സമൂഹം ഭിന്നതകള്‍ മറന്ന് ഐക്യപ്പെടാന്‍ തയ്യാറാവണമെന്നും പി ജമീല അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News