പ്ലസ് വണ്‍ അഡ്മിഷന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ സൈന്‍ അശാസ്ത്രീയം: എസ്ഡിപിഐ
മലപ്പുറം: പ്ലസ് വണ്‍ അഡ്മിഷന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും അശാസ്ത്രീയമാണെന്നും ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് പതിനായിരക്കണക്കിന് രക്ഷിതാക്കളെ അനാവശ്യമായി വിളിച്ചുവരുത്തുന്ന നടപടി ഒഴിവാക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കൊവിഡ് 19 പശ്ചാതലത്തില്‍ ആളുകള്‍ വീട്ടിലിരിക്കണം എന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ജനങ്ങളെ കൂട്ടത്തോടെ ജില്ലാ ആസ്ഥാനത്തേക്ക് സര്‍ട്ടിഫിക്കറ്റ് കൗണ്ടര്‍ സൈന്‍ ചെയ്യുന്നതിനുവേണ്ടി യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ഒഴിവാക്കേണ്ടതാണ്. നിലവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് വില ഇല്ലാതാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്തേക്ക് മലപ്പുറം പോലുള്ള ഒരു ജില്ലയില്‍ 75000 ത്തോളം കുട്ടികള്‍ ആണ് പ്ലസ് വണ്ണിന് അര്‍ഹത നേടിയിരിക്കുന്നത്. രക്ഷിതാക്കളും കുട്ടികളും ഇതിനുവേണ്ടി നെട്ടോട്ടമോടുകയാണ്. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന തെക്കന്‍ ജില്ലകളില്‍ ബോണസ് പോയിന്റ് ഇല്ലെങ്കിലും അഡ്മിഷന്‍ ഉറപ്പാണ് എന്നിരിക്കെ ഈ നടപടിയും പ്രതികൂലമായി ബാധിക്കുന്നതും പ്രയാസപ്പെടുത്തുന്നതും മലബാര്‍ മേഖലയിലെ കുട്ടികളെയാണ്. അടിയന്തിരമായി ഈ തീരുമാനം പിന്‍വലിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനത്തില്‍ തന്നെ കുട്ടികള്‍ക്ക് ബോണസ് പോയിന്റ് നല്‍കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സിപിഎ ലത്തീഫ്, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, വി ടി ഇക്‌റാമുല്‍ഹഖ്, മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.