അമീറലിക്കെതിരായ പോലിസ് വേട്ടയെ ശക്തമായി നേരിടും: എസ്ഡിപിഐ

പോലിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു രാഷ്ട്രീയ നേതാവിനെ തടവിലിട്ട് നിരന്തരം പീഡിപ്പിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. പരാതിക്കാരനെ പ്രതിയാക്കുന്ന യുപി മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിനെതിരേ രംഗത്തുവരേണ്ടതുണ്ട്-എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Update: 2020-09-18 05:02 GMT

പാലക്കാട്: പോലിസിന്റെ മൂന്നാംമുറക്കും അതിക്രമത്തിനുമെതിരേ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അമീറലിക്കെതിരേ നടത്തുന്ന പോലിസ് വേട്ട ജനാധിപത്യാവകാശത്തിനെതിരായ കൈയേറ്റമാണെന്നും അതിനെ ശക്തമായി നേരിടുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് ഭരണകൂട ഭീകരതയും പകപോക്കലുമാണ്. കേരളത്തില്‍ ഇത്തരം ഭരണകൂട ഭീകരതയും പോലിസ് വേട്ടയും ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിക്കരുത്. പോലിസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു രാഷ്ട്രീയ നേതാവിനെ തടവിലിട്ട് നിരന്തരം പീഡിപ്പിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. പരാതിക്കാരനെ പ്രതിയാക്കുന്ന യുപി മോഡല്‍ കേരളത്തില്‍ നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിനെതിരേ രംഗത്തുവരേണ്ടതുണ്ട്.

അമീറലിയെ അനന്തമായി തടവിലിടുന്നതിന് രാഷ്ട്രീയ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 'കണ്ടാലറിയുന്നവര്‍' എന്ന പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ അദ്ദേഹത്തിന്റെ മേല്‍ കെട്ടിവെക്കുകയാണ് പോലിസ്. അമീറലിയുമായി ഒരു ബന്ധവുമില്ലാത്ത സംഭവത്തില്‍ പോലും അന്യായമായി അദ്ദേഹത്തെ പ്രതി ചേര്‍ക്കുകയാണ്. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ അടുത്ത കേസില്‍ അറസ്റ്റു രേഖപ്പെടുത്തുന്നു. പോലിസിന്റെ ഈ നടപടി നിയമവിരുദ്ധവും മനുഷ്യത്വ രഹിതവുമാണ്.

ഒരു പരാതിയുടെ പേരില്‍ സഹോദരങ്ങളായ രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്ത് ജനനേന്ദ്രീയത്തിലുള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്തതിനെതിരേ പ്രതിഷേധിക്കുകയെന്നത് പൗരന്റെ ജനാധിപത്യപരമായ ഉത്തരവാദിത്വമാണ്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ആ ഉത്തരവാദിത്വമാണ് അമീറലി നിര്‍വഹിച്ചത്. സംസ്ഥാനത്ത് ഇതിനുമുമ്പ് പോലിസിന്റെ മൂന്നാം മുറയും കസ്റ്റഡി പീഡനങ്ങളും ഉണ്ടായ ഘട്ടങ്ങളിലെല്ലാം അതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയും നിയമലംഘനം നടത്തിയ പോലിസ് ഉദ്യോഗസ്ഥനെ വ്യക്തിപരമായി തന്നെ വിമര്‍ശിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലൊക്കെ മേല്‍ ഉദ്യോഗസ്ഥര്‍ ഇടപെടുകയും തെറ്റുകള്‍ തിരുത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സംഘപരിവാര താല്‍പ്പര്യങ്ങളാണ് ഇടതുപക്ഷ ഭരണത്തിലും പോലിസ് നടപ്പാക്കുന്നത്. ആര്‍എസ്എസുകാര്‍ പ്രതിയായ കേസില്‍ നിസ്സംഗത പുലര്‍ത്തിയ ഉദ്യോഗസ്ഥരാണ് ആര്‍എസ്എസുകാരുടെ പരാതിയില്‍ ഉടനടി യുവാക്കളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്നാംമുറയും വര്‍ഗീയ പരാമര്‍ശവും നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ജില്ലാ പോലിസ് മേധാവി.

പോലിസിന് പലതും മറച്ചുവെക്കുന്നതിനാണ് ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് വിജനമായ സ്ഥലത്തെത്തിച്ച് വീഡിയോ ഷൂട്ട് ചെയ്ത സംഭവം ഇതിന്റെ തെളിവാണ്. തന്നെ ഭീഷണിപ്പെടുത്തി അഞ്ചു തവണയിലധികം ഷൂട്ട് എടുത്തെന്നും വിജനമായ സ്ഥലത്തായിരുന്നതിനാല്‍ തന്നെ കൊല്ലുമോയെന്നു പോലും ഭയപ്പെട്ടാണ് പോലിസ് പറഞ്ഞു തന്നതുപോലെ പറഞ്ഞതെന്നുമാണ് ജാമ്യത്തിലിറങ്ങിയ യുവാവ് വെളിപ്പെടുത്തുന്നത്.

പോലിസിന്റെ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നത്. നിയമം സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസിന്റെ നിയമലംഘനങ്ങളെ ഒരു കാരണവശാലും ജനാധിപത്യ സമൂഹം അംഗീകരിക്കില്ല. അതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടത്തും. ജനാധിപത്യ സമരങ്ങളെ പോലിസിന്റെ അധികാര ദുര്‍വിനിയോഗത്തിലൂടെ തടുത്തുനിര്‍ത്താമെന്നത് വെറും വ്യാമോഹമാണ്. ഭയന്ന് പിന്‍മാറാനല്ല യാഥാര്‍ഥ്യങ്ങള്‍ തുറന്ന് കാണിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.

ലാത്തിയും കല്‍ത്തുറുങ്കും അവകാശ സമരങ്ങളെ തളര്‍ത്തുകയല്ല, മറിച്ച് വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. അതേസമയം, നിയമലംഘകരായ പോലിസ് അധികാരികളെ തുറന്നുകാണിച്ച് അവര്‍ക്ക് തക്കതായ ശിക്ഷാ നടപടി ഉണ്ടാവുന്നതുവരെ പോരാട്ടം തുടരുമെന്നും മജീദ് ഫൈസി മുന്നറിയിപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ എസ് കാജാ ഹുസൈന്‍, പാര്‍ട്ടി ജില്ലാ ജില്ലാ വൈസ് പ്രസിഡന്റ്് സക്കീര്‍ ഹുസൈന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി എന്നിവരും സംബന്ധിച്ചു.

Tags:    

Similar News