മല്‍സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറണം: റോയ് അറയ്ക്കല്‍
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതിലൂടെ മല്‍സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും സമ്പൂര്‍ണമായി കുടിയൊഴിപ്പിക്കപ്പെടുമെന്നും ഇടതു സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നു പിന്മാറണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. തീരത്തെയും തീരദേശവാസികളെയും സംരക്ഷിക്കുക, ലത്തീന്‍ കത്തോലിക്കാ സമരത്തിന് ഐക്യദാര്‍ഢ്യവുമായി 'അദാനി ഗോ ബാക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റിനു സമീപത്തു നിന്ന് വിഴിഞ്ഞത്തേക്ക് നടത്തിയ ലോങ് മാര്‍ച്ച് പാച്ചല്ലൂര്‍ ജങ്ഷനില്‍ പോലിസ് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിലനില്‍പ്പിനായി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ പലതരം ചാപ്പകള്‍ കുത്തി പിന്നോട്ടടിക്കുകയാണ് ഇടതുപക്ഷം. സിപിഎമ്മും ഇടതുപക്ഷവും മാത്രം നടത്തുന്ന സമരം മാത്രമാണ് ജനാധിപത്യസമരമെന്നാണ് അവര്‍ വാദിക്കുന്നത്. നിയമസഭയില്‍ കൈയാങ്കളിയും അക്രമവും നടത്തിയും കെഎസ്ആര്‍ടിസി അടിച്ചുപൊളിച്ചും ട്രാന്‍സ്‌ഫോമര്‍ കത്തിച്ചും പോലിസ് സ്‌റ്റേഷന്‍ അക്രമിച്ചും സിപിഎം നടത്തിയിട്ടുള്ള സമരങ്ങളെല്ലാം ജനാധിപത്യ സമരങ്ങളുടെ പട്ടികയിലാണ്. സമരം ജനാധിപത്യപരമാണോ തീവ്രവാദ ചാപ്പ കുത്തേണ്ടതാണോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം സിപിഎമ്മാണോ എസ്ഡിപിഐ ആണോ സമരത്തിനു പിന്നില്‍ എന്നതായിരിക്കുന്നു. വിഴിഞ്ഞം പദ്ധതിയ്ക്കു പിന്നില്‍ കോടികളുടെ അഴിമതി ആരോപിച്ചവര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാം ശരിയായോ എന്നും റോയ് അറയ്ക്കല്‍ ചോദിച്ചു. ജാഥാ ക്യാപ്ടനും ജില്ലാ പ്രസിഡന്റുമായ സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജലീല്‍ കരമന, ഷിഹാബൂദ്ദീന്‍ മന്നാനി, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര, അജയന്‍ വിതുര, സബീന ലുഖ്മാന്‍, ജില്ലാ നേതാക്കളായ ഇബ്രാഹീം മൗലവി, കുന്നില്‍ ഷാജഹാന്‍, ഷജീര്‍ കുറ്റിയാമ്മൂട്, സുനീര്‍ പച്ചിക്കോട്, സജീവ് വഴിമുക്ക്, മാഹീന്‍ പരുത്തിക്കുഴി, സൗമ്യ പൂവച്ചല്‍, മണ്ഡലം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ സംബന്ധിച്ചു.