നീലഗിരിയില്‍ നാല് പേരെ കൊന്ന കടുവയെ മയക്കുവെടിവച്ചു; കാട്ടിലേക്ക് കടന്ന കടുവയെ കണ്ടെത്താനായില്ല
നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ നാട്ടിലിറങ്ങിയ കടുവയെ മയക്കു വെടിവെച്ചു. നാലു പേരെ കൊന്ന കടുവയെയാണ് മയക്കുവെടി വെച്ചത്. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേരത്തെ ഈ കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തെരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. കാട്ടിനുള്ളിലേക്ക് കയറിയ കടുവയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്.
ഒരു വര്‍ഷത്തിനിടെ നാലുപേരെയൊണ് കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വനത്തിനകത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് ഇന്ന് കടുവയെ വെടിവയ്ക്കാന്‍ സാധിച്ചത്.
കടുവയെ വെടിവെച്ചു കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാണമെന്നാണ് അറിയിച്ചിരുന്നത്. കടുവയെ വെടിവച്ചു കൊല്ലണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിന്മേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിവിധി.