രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലിയും സുഷമയും ഉമാഭാരതിയും പുറത്ത്

കഴിഞ്ഞ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയത്

Update: 2019-05-30 19:26 GMT

ന്യൂ ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ ബിജെപി നിരയിലെ പ്രമുഖര്‍ മന്ത്രിസഭയില്‍ നിന്നു പുറത്ത്. മുന്‍ സര്‍ക്കാരിലെ പ്രധാനികളായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ഉമാ ഭാരതി, മനേകാ ഗാന്ധി തുടങ്ങി നിരവധി പേരെ പുതിയ മന്ത്രിസഭയിലെടുത്തിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയത്. 66 കാരനായി ഇദ്ദേഹം കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. മുന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ പേര് അവസാനമാണ് ഒഴിവാക്കിയത്. സുഷമ സ്വരാജ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നെങ്കിലും മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ മന്ത്രിയായ ഒളിംപ്യന്‍ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനും ഇക്കുറി സ്ഥാനമില്ല. മുന്‍ സൈനികന്‍ കൂടിയായ രാജ്യവര്‍ധന്‍ സിങ് രാജസ്ഥാനില്‍ നിന്നാണ് പാര്‍ലിമെന്റിലെത്തിയത്. വനിതാ-ശിശു സംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന മനേകാ ഗാന്ധിക്കും പുതിയ മന്ത്രിസഭയില്‍ ഇടംനല്‍കിയിട്ടില്ല. ജലസേചന വകുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയില്‍ പ്രമുഖ സ്ഥാനം ലഭിച്ചിരുന്ന ഉമാഭാരതിയെയും ഇത്തവണ തഴഞ്ഞു. വ്യോമയാന മന്ത്രിയായിരുന്ന സുരേഷ് പ്രഭുവിനും ഇക്കുറി ഇടം ലഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനം, ബിഹാറില്‍ നിന്നുള്ള രാധാ മോഹന്‍ സിങ്, ജാര്‍ഖണ്ഡില്‍ നിന്നുള്ള ജയന്ത് സിന്‍ഹ, രാജ്യസഭാ എംപിയായി ഒന്നാം മോദി മന്ത്രിസഭയിലുണ്ടായിരുന്ന ജെ പി നന്ദ, പാര്‍ലിമെന്ററി കാര്യ മന്ത്രിയായിരുന്ന വിജയ് ഗോയല്‍ തുടങ്ങിയവര്‍ക്കും മോദിയുടെ രണ്ടാംവരവില്‍ സ്ഥാനം തെറിച്ചു.



Tags:    

Similar News