പൗരത്വ അപേക്ഷ ക്ഷണിക്കല്‍: ജൂണ്‍ 1ന് രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധം സംഘടിപ്പിക്കും- എസ്ഡിപിഐ

രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും ഫൈസി കുറ്റപ്പെടുത്തി.

Update: 2021-05-30 07:29 GMT

ന്യൂഡല്‍ഹി: ഗുജറാത്ത്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ നിന്നുള്ള അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് അഭയാര്‍ഥികളില്‍ നിന്നും പൗരത്വത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. രാജ്യം ഇതുവരെ നേരിട്ടതില്‍ വെച്ചേറ്റവും പ്രയാസകരമായ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ അപഹാസ്യകരമായ ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും ഫൈസി കുറ്റപ്പെടുത്തി.

രാജ്യം ഭരിക്കാന്‍ തങ്ങള്‍ അയോഗ്യരും കഴിവുകെട്ടവരും അനര്‍ഹരുമാണെന്ന് ബിജെപി സര്‍ക്കാര്‍ സ്വയം തെളിയിച്ചുകഴിഞ്ഞു. എല്ലാ തലത്തിലും വന്‍പരാജയമാണ് ഈ സര്‍ക്കാര്‍. ദുര്‍ഭരണവും കെടുകാര്യസ്ഥതയുമാണതിന്റെ മുഖമുദ്ര. വര്‍ഗീയ വിദ്വേഷം കത്തിച്ചും മതവിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം പൗരന്മാരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് വാഗ്ദാനം നല്‍കിയും മറ്റുമതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത് അവിടങ്ങളില്‍ ക്ഷേത്രങ്ങള്‍ പണിയുമെന്ന് ഉറപ്പു നല്‍കിയുമാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്.

അവര്‍ പാര്‍ട്ടി ഗുണ്ടകളെ തെരുവുകളില്‍ അഴിഞ്ഞാടാന്‍ വിട്ടു. ഇത്രയുംകാലം ഭക്തി മന്ത്രമായിരുന്ന 'ജയ്ശ്രീരാം' മതഭ്രാന്തരായ ഈ സംഘി ഗുണ്ടകള്‍ ഒരു ഭീതിത മുദ്രാവാക്യമാക്കി മാറ്റി. ഇത് ഏറ്റ് വിളിക്കാന്‍ ഇതര മതസ്ഥരെ അവര്‍ നിര്‍ബന്ധിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. വിസമ്മതിച്ചവരെ അവര്‍ തെരുവുകളില്‍ നിര്‍ദാക്ഷിണ്യം അടിച്ചു കൊല്ലുന്നു.

ഇന്ധനവില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു, അവശ്യസാധന വില കുതിച്ചുയരുന്നു, കൊവിഡ് മഹാമാരി രാജ്യത്താകെ നാശം വിതച്ചുകൊണ്ടിരിക്കുന്നു. മഹാമാരി ബാധിതരായ രോഗികള്‍ക്ക് അവശ്യമായ ആരോഗ്യപരിചരണ സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ മെനക്കെടുന്നില്ല. ശ്വാസതടസ്സം നേരിടുന്ന കൊവിഡ് രോഗികള്‍ക്ക് മതിയായ ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനങ്ങളില്ല. പിഎം കെയര്‍ ഫണ്ട് നല്‍കിയ വെന്റിലേറ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവയും കേടായവയുമാണ്. വാക്‌സിന്‍ ലഭ്യമല്ല. മൃതശരീരങ്ങള്‍ ദഹിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവ പുഴകളിലേക്ക് വലിച്ചെറിയുന്നു. സമ്പദ്ഘടന കൂപ്പുകുത്തി. ജിഡിപി നിരക്ക് ബംഗ്ലാദേശിനും പിന്നിലായി. തൊഴിലില്ലായ്മ മൂര്‍ധന്യാവസ്ഥയിലാണ്. ദരിദ്ര ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ നിന്ന് പോലും സഹായം സ്വീകരിക്കേണ്ടി വരുന്ന അപമാനകരമായ അവസ്ഥയിലേക്ക് ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.

രാജ്യത്തെ യഥാര്‍ത്ഥ പൗരന്മാര്‍ തങ്ങളുടെ ജീവനു നേരെ കടുത്ത വെല്ലുവിളികള്‍ നേരിടുകയും മഹാമാരിയെ അതിജീവിക്കാന്‍ കഷ്ട്ടപ്പെടുകയും ചെയ്യുമ്പോള്‍, പഴമൊഴിയിലെ നീറോയെ പോലെ മോദി വീണവായിക്കുകയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ശ്രദ്ധിക്കാതെ, ചില പ്രത്യേക മതവിഭാഗങ്ങളില്‍ പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്ന തിരക്കിലാണ് സര്‍ക്കാര്‍. അങ്ങേയറ്റം അപഹാസ്യവും, അപലപനീയവും, സര്‍ക്കാരിന്റെ പരാജയം മറച്ചു വെച്ച് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഒരു ആസൂത്രിത വ്യര്‍ത്ഥ വ്യായാമവുമാണിത്. മോഡിയും ബിജെപി സര്‍ക്കാരും രാജ്യത്തിന് വലിയൊരു ബാധ്യതയായിക്കഴിഞ്ഞിരിക്കുന്നുവെന്നും ഫൈസി അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തില്‍ തങ്ങളുടെ പരാജയം മൂടിവെക്കാന്‍ പൗരത്വം പോലുള്ള വിവാദ വിഷയങ്ങള്‍ കുത്തിപ്പൊക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിഹാസ്യമായ ശ്രമങ്ങള്‍ക്കെതിരെ ജൂണ്‍ 1ന് രാജ്യവ്യാപകമായി വീടുകളില്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ത്തി പ്രതിഷേധിക്കാന്‍ എസ്ഡിപിഐ തീരുമാനിച്ചതായി ഫൈസി അറിയിച്ചു.

Tags:    

Similar News