മകന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന് എലിസബത്ത് ആന്റണി
കോട്ടയം: മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള എല്ലാ വിരോധവും മാറിയെന്ന് എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. കോട്ടയത്ത് സുവിശേഷ യോഗത്തിനിടെയാണ് എലിസബത്തിന്റെ പരാമര്‍ശം. അനില്‍ ബിജെപിയില്‍ ചേര്‍ന്നത് ആന്റണിയില്‍ വലിയ ഞെട്ടലുണ്ടാക്കിയെന്നും ഏറെ സമയമെടുത്താണ് അദ്ദേഹം അത് ഉള്‍ക്കൊണ്ടതെന്നും എലിസബത്ത് പറഞ്ഞു. ''എന്റെ മൂത്തമകന് രാഷ്ട്രീയത്തില്‍ ജോയിന്‍ ചെയ്യണമെന്ന് അവന്റെ വലിയ സ്വപ്‌നമായിരുന്നു. ചിന്തന്‍ ശിബിരില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരേ പ്രമേയം പാസാക്കി. ഇതോടെ രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും അവര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തടസ്സമാണ്. അവന് ഇപ്പോ 39 വയസ്സായി. എവനെന്നോട് പറഞ്ഞു. അമ്മേ എന്നെ പിഎംഒയില്‍ നിന്ന് വിളിച്ചിട്ടുണ്ട്. അവര്‍ ബിജെപിയില്‍ ചേരാനാണ് പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരുപാട് അവസരങ്ങളുണ്ടാവുമെന്ന് പറഞ്ഞു. നമ്മള്‍ ജീവിച്ചതും വിശ്വസിക്കുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. ബിജെപിയിലേക്ക് പോവുന്നത് ആലോചിക്കാന്‍ പോലും വയ്യ. ഞാന്‍ അമ്മയോട് ആലോചിക്കാനായി ഇവിടെവന്ന് ബഹുമാനപ്പെട്ട ജോസഫ് അച്ഛന്റെയടുത്ത് തുണ്ട് കൊടുത്തു. അച്ഛന്‍ അമ്മയുടെ കാല്‍ക്കീഴിയില്‍ തുണ്ട് വച്ച് പ്രാര്‍ഥിച്ചിട്ട് പറഞ്ഞു. അവന്‍ തിരിച്ചുവരാന്‍ വേണ്ടി പ്രാര്‍ഥിക്കേണ്ട. അവനില്‍ അവിടെ നല്ലൊരു ഭാവി അമ്മ കാണിച്ചുതരുന്നുണ്ടെന്ന് പറഞ്ഞു. ബിജെപിയോടുള്ള എല്ലാ അറപ്പും വെറുപ്പും മാറ്റി എനിക്ക് വേറൊരു ഹൃദയം തന്നു.
മകനെ അംഗീകരിക്കാനുള്ള മനസ്സും തന്നു. നാലുദിവസം കഴിഞ്ഞാണ് ചാനലിലൂടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നതായി ആന്റണി അറിഞ്ഞത്. ഭര്‍ത്താവില്‍ അത് വലിയ ഞെട്ടലുണ്ടാക്കിയെങ്കിലും സൗമ്യതയോടെ അദ്ദേഹം അതിനെ നേരിട്ടു. വീട്ടില്‍ മകന്‍ വന്നപ്പോഴും പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. വീട്ടില്‍ ഇനി രാഷ്ട്രീയം സംസാരിക്കരുത്. കുടുംബകാര്യം മാത്രം സംസാരിച്ചാല്‍ മതിയെന്ന് അച്ഛന്‍ അനിലിനെ ഉപദേശിച്ചതായും വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എലിസബത്ത് പറഞ്ഞു.