ട്രംപ് പറഞ്ഞത് നുണ; ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു
മിസൈല്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇതുവരെ യുഎസ് പ്രസിഡന്റ് ട്രംപും സൈനിക വൃത്തങ്ങളും അവകാശപ്പെട്ടിരുന്നത്.
ബഗ്ദാദ്: യുഎസ് സൈന്യം താവളമടിച്ച ഇറാഖിലെ സൈനിക താവളത്തിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രണത്തില്‍ തങ്ങളുടെ സൈനികര്‍ക്ക് പരിക്കേറ്റതായി സമ്മതിച്ച് യുഎസ് സൈന്യം. പരിക്കേറ്റ 11 സൈനികരെ ചികില്‍സയ്ക്കു വിധേയമാക്കിയതായി യുഎസ് സൈന്യം സമ്മതിച്ചു. മിസൈല്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഇതുവരെ യുഎസ് പ്രസിഡന്റ് ട്രംപും സൈനിക വൃത്തങ്ങളും അവകാശപ്പെട്ടിരുന്നത്. ജനുവരി 3ന് ഡ്രോണ്‍ ആക്രമണത്തിലൂടെ ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ജനുവരി 8ന് പടിഞ്ഞാറന്‍ ഇറാഖിലെ ഐന്‍ അല്‍ അസദ് വ്യോമതാവളത്തിനും വടക്കന്‍ കുര്‍ദ്് മേഖലയിലെ വ്യോമതാവളത്തിനും നേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ആക്രമണസമയത്ത്, 1,500 ഓളം വരുന്ന യുഎസ് സൈനികരില്‍ ഭൂരിപക്ഷവും മേലുദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെതുടര്‍ന്ന് കയറി രക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ നേരത്തേ അവകാശപ്പെട്ടിരുന്നു.
ജനുവരി 8ന് ഉണ്ടായ ആക്രമണത്തില്‍ സൈനികര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും സ്‌ഫോടനത്തില്‍ പരിക്കേറ്റ നിരവധി പേരെ ചികില്‍സയ്ക്കു വിധേയമാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചില സൈനികരെ ജര്‍മ്മനിയിലോ കുവൈത്തിലോ ഉള്ള യുഎസ് സെന്ററുകളിലേക്ക് തുടര്‍ ചികില്‍സയ്ക്കായി കൊണ്ടുപോവുമെന്ന് അദ്ദേഹം പറഞ്ഞു.