'തന്റെ ഭാഗം ആരും കേട്ടില്ല'; വിലക്ക് അംഗീകരിക്കില്ലെന്ന് ഷെയ്ന്‍ നിഗം

'ഔദ്യോഗികമായി ആരും വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഷെയ്ന്‍ പറഞ്ഞു.

Update: 2019-11-28 18:53 GMT

കൊച്ചി: തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കില്ലെന്നും നടന്‍ ഷെയ്ന്‍ നിഗം. തന്റെ ഭാഗം ആരും കേട്ടില്ല. ഔദ്യോഗികമായി ആരും വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. അഭിനയമല്ലാതെ മറ്റൊന്നും തനിക്കറിയില്ലെന്നും ഷെയ്ന്‍ പറഞ്ഞു.

'വെയില്‍' പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. പ്രശ്‌നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ് അവര്‍ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നു അതുകൊണ്ട് പ്രതികരിക്കാതിരുന്നത്. ഷെയ്ന്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്ന്‍ നിഗമിനെതിരെ നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്. 'വെയില്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.

ഷെയ്ന്‍ നായകനായി അഭിനയിക്കുന്ന 'കുര്‍ബാനി', 'വെയില്‍' എന്നീ ചിത്രങ്ങള്‍ ഉപേക്ഷിച്ചതായും ഷെയ്ന്‍ കാരണം രണ്ടു ചിത്രങ്ങള്‍ക്കും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചതായും സംഘടന വ്യക്തമാക്കി. മുടങ്ങിയ സിനിമകളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ അമ്മയേയും അറിയിച്ചിട്ടുണ്ടെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളിലെ സംഘടനകളോടും ഇക്കാര്യം സംസാരിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Tags:    

Similar News