'അവള്‍ മോചിതയായി'; സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്ക് കപ്പല്‍ നീക്കി; ഗതാഗതം പുനസ്ഥാപിച്ചു

കപ്പലിനെ നീക്കാനായി മണ്ണുമാന്തി കപ്പലുകളും ടഗ്‌ബോട്ടുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്.

Update: 2021-03-29 17:50 GMT

കെയ്‌റോ: ഒരാഴ്ചയോളം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുകപ്പല്‍ നീക്കി. കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 369 കപ്പലാണ് ഗതാഗതം പുനസ്ഥാപിക്കുന്നത് കാത്ത് ഇവിടെ കെട്ടിക്കിടക്കുന്നത്. കപ്പലിനെ നീക്കാനായി മണ്ണുമാന്തി കപ്പലുകളും ടഗ്‌ബോട്ടുകളും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടന്നത്. ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കപ്പല്‍ പൂര്‍ണമായും നീക്കാനായത്.

'അവള്‍ മോചിതയായി' എന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയയാള്‍ പ്രതികരിച്ചത്. സൂയസ് കനാലിലെ ടഗ് ബോട്ടുകളിലൊന്ന് വലിച്ചിടുന്ന ചിത്രവും വിഡിയോയും അധികൃതര്‍ പങ്കുവെച്ചിരുന്നു. സൂയസ് കനാല്‍ അധികൃതര്‍ക്കൊപ്പം ഡച്ച് സ്ഥാപനമായ സ്മിത് സാവേജും കൈകോര്‍ത്താണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് കഴിഞ്ഞ ഒരാഴ്ച സൂയസ് കനാല്‍ സാക്ഷ്യംവഹിച്ചത്.എവര്‍ ഗ്രീന്‍ എന്ന തായ്‌വാന്‍ കമ്പനിയുടെ എയര്‍ഗിവണ്‍ എന്ന കപ്പല്‍ കനാലില്‍ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയില്‍ കൂടിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഏകദേശം 370ഓളം കപ്പലുകള്‍ കനാലിന്റെ ഇരുഭാഗത്തും കുടുങ്ങി. ഇവയില്‍ പലതും തെക്കേ ആഫ്രിക്കന്‍ മേഖലയിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

കനാലിലൂടെയുള്ള യാത്ര സാധാരണമാവാന്‍ മൂന്ന് ദിവസം വരെ വേണ്ടി വന്നേക്കുമെന്ന് സൂയസ് കനാല്‍ അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം 100 കപ്പലുകള്‍ക്ക് കനാലിലൂടെ യാത്ര നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News