സൂയസ്‌കനാലില്‍ ഗതാഗതക്കുരുക്ക്: കൂടുങ്ങിക്കിടക്കുന്നത് നൂറിലേറെ കപ്പലുകള്‍
കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്
കെയ്‌റോ: സമുദ്രപാതയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുണ്ടാക്കി സൂയസ് കനാലില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ ഇനിയും നീക്കം ചെയ്യാനായില്ല. ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ ചൊവ്വാഴ്ച്ചയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്‌നര്‍ കപ്പല്‍ ഗതാഗം പൂര്‍ണമായും തടസ്സപ്പെടുത്തി കുടുങ്ങിക്കിടന്നത്. ഇതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള നൂറിലധികം കപ്പലുകല്‍ മുന്നോട്ടുപോകാനാവാതെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്.
നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ കപ്പല്‍ കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു എവര്‍ ഗിവണ്‍ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‌വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്റെ ഉടമസ്ഥര്‍. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ പറയുന്നത്. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്റെ വശം കനാലിന്റെ ഒരുഭാഗത്ത് ഇടിച്ചു നില്‍ക്കുകയായിരുന്നു.
1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും ഈ കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും 25 ഇന്ത്യക്കാരായ ജീവനക്കാരുമാണ് കപ്പലിലുള്ളത്. ബേണ്‍ഹാര്‍ഡ് ഷൂള്‍ട്ട് ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ സര്‍വ്വീസ് നിയന്ത്രിക്കുന്നത്.
സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്.