വസീം റിസ്‌വിയെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് ശിയ പണ്ഡിതന്‍മാര്‍

ഞെട്ടലുളവാക്കുന്ന തീരുമാനത്തിനെതിരേ ആശങ്ക പങ്കുവച്ച് ആള്‍ ഇന്ത്യ ശിയാ പേഴ്‌സണല്‍ ലോ ബോര്‍ഡും (എഐഎസ്പിഎല്‍ബി) മറ്റു നിരവധി ശിയാ സംഘടനകളും രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

Update: 2021-03-14 14:16 GMT

ന്യൂഡല്‍ഹി: 26 ഖുറാന്‍ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച വസീം റിസ്‌വിയെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് ശിയ പണ്ഡിതന്‍മാര്‍. ഞെട്ടലുളവാക്കുന്ന തീരുമാനത്തിനെതിരേ ആശങ്ക പങ്കുവച്ച് ആള്‍ ഇന്ത്യ ശിയാ പേഴ്‌സണല്‍ ലോ ബോര്‍ഡും (എഐഎസ്പിഎല്‍ബി) മറ്റു നിരവധി ശിയാ സംഘടനകളും രംഗത്തുവരികയും ചെയ്തിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനെ ഭീകരതയുമായി ബന്ധിപ്പിക്കുന്നത് കടുത്ത അന്യായമാണെന്ന് എഐഎസ്പിഎല്‍ബി നേതാവ് ഡോ. യസൂബ് അബ്ബാസ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം എന്നതാണ് ഖുര്‍ആന്റെ അധ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധഗ്രന്ഥത്തെ ഭേദഗതി വരുത്തണമെന്ന റിസ്‌വിയുടെ ആവശ്യത്തെ അദ്ദേഹം കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്തു. കുല്‍ ഹിന്ദ് ശിയ മജ്‌ലിസെ ഉലമ ഒസക്കീറീന്‍ എന്ന മറ്റൊരു ശിയ സംഘടനയും റിസ് വിയുടെ നീക്കത്തിനെതിരേ ആഞ്ഞടിച്ചു. 'അദ്ദേഹം ഒരു ശിയയോ മുസ്‌ലിമോ അല്ല' കഴിഞ്ഞ 1400 വര്‍ഷങ്ങളായി ഖുര്‍ആന്‍ മാറ്റമില്ലാതെ തുടരുകയാണ്. ഖുര്‍ആന്‍ ഭേദഗതി ചെയ്യപ്പെട്ടുവെന്ന് വിശ്വസിക്കുന്നയാള്‍ക്ക് മുസ്‌ലിമാവാന്‍ ആവില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട പുരോഹിതന്മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

മറ്റു പല വിഭാഗങ്ങളില്‍നിന്നും റിസ്‌വിക്കെതിരേ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 295 എ, 153 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Tags:    

Similar News