തിക്കോടിയില്‍ അഞ്ചരവയസ്സുകാരിയുടെ മരണം ഷിഗെല്ലയെന്ന് സൂചന; ഐസ് നിര്‍മാണ സ്ഥാപനം അടപ്പിച്ചു

Update: 2021-03-27 02:16 GMT

പയ്യോളി(കോഴിക്കോട്): തിക്കോടി പതിനാലാം വാര്‍ഡില്‍ അഞ്ചര വയസ്സുകാരി മരണപ്പെട്ടത് ഷിഗെല്ല രോഗം ബാധിച്ചാണെന്ന് സൂചന. മേഖലയില്‍ പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. പയ്യോളിയിലും, തിക്കോടിയിലും വയറിളക്ക രോഗങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് നടപടികള്‍ കര്‍ശനമാക്കിയത്. പയ്യോളിയില്‍ നിന്ന് വിതരണം ചെയ്യുന്ന സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പയ്യോളി നഗരസഭ പരിധിയില്‍ സിപ്പപ്പ് വിപണനവും, നിര്‍മ്മാണവും തത്കാലികമായി പൂര്‍ണമായി നിരോധിച്ചു.

ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ച് ശീതള പാനിയങ്ങള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നതും, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതും നിരോധിക്കും. ഗുണ നിലവാരം പരിശോധിക്കാതെയുള്ള വെള്ളമുപയോഗിച്ച് ജ്യൂസ് വില്പനക്ക് അനുമതിയുണ്ടാവില്ല. എല്ലാ കൂള്‍ബാറുകളിലും, പാതയോരങ്ങളിലെ തട്ടുകടകളിലും പരിശോധനയുണ്ടാവും.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന് നല്കിയ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നഗരസഭയില്‍ വെച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നഗരസഭ ആരോഗ്യ വിഭാഗം, ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം, മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി. ഫാത്തിമ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍, സുജല ചെത്തില്‍, മഹിജ എളോടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജീവരാജ് ഇ.കെ, ടി.പി പ്രജീഷ്‌കുമാര്‍, മിനി.കെ.പി, ജെഎച്ച് ഐമാരായ അശോകന്‍ ടി.കെ, ഷിജി വി.എം, മനോജ് കുമാര്‍ .പി, എന്നിവര്‍ സംസാരിച്ചു.


പയ്യോളിയിലെ സ്ഥാപനം അടച്ചു

പയ്യോളിയിലെ സിപ്പപ്പ്, ഐസ് ക്രീം മൊത്ത വിതരണ ഏജന്‍സിയില്‍ നിന്നുള്ള സിപ്പപ്പില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നോട്ടീസ് നല്‍കി ഐസ് പാര്‍ക്ക് എന്ന സ്ഥാപനം അടച്ചു പൂട്ടി.

കൊയിലാണ്ടി ഫുഡ് ഇന്‍സ്‌പെക്ടര്‍ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ ലാബിലേക്ക്പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

Tags:    

Similar News