ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ

'ജയ് ശ്രീറാം', 'ഹിന്ദു ഏകതാ സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് പ്രതിഷേധക്കാരെത്തിയത്.

Update: 2024-09-11 18:36 GMT
ഷിംല മസ്ജിദിലേക്ക് ഹിന്ദുത്വര്‍ ഇരച്ചുകയറി; സംഘര്‍ഷം, നിരോധനാജ്ഞ

ഷിംല: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വര്‍ പള്ളിയിലേക്ക് ഇരച്ചുകയറി. വിവിധ ഹൈന്ദവ സംഘടനകളുടെ ആഹ്വാനപ്രകാരം നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലിസ് ബാരിക്കേഡ് തകര്‍ത്ത് ഹിന്ദുത്വര്‍ പള്ളി പൊളിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വനിതാ പോലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഷിംല ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഷിംലയിലെ സഞ്ജൗലിയില്‍ ആറു പതിറ്റാണ്ടോളം പഴക്കമുള്ള മസ്ജിദ് അനധികൃതമാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ കുറച്ചുകാലമായി ഹിന്ദുത്വര്‍ കലാപനീക്കം നടത്തുന്നത്. കോണ്‍ഗ്രസ് മന്ത്രി തന്നെ പള്ളി അനധികൃതമാണെന്ന് നിയമസഭയില്‍ പറഞ്ഞതോടെ ഹിന്ദുത്വര്‍ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് മന്ത്രി അനിരുദ്ധ് സിങിന്റെ സംഘപരിവാര സമാനമായ വിദ്വേഷപരാമര്‍ശങ്ങളാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കിയത്. ഇതിനെതിരേ കോണ്‍ഗ്രസ് എംഎല്‍എ തന്നെ നിയമസഭയില്‍ മറുപടി നല്‍കിയെങ്കിലും കലാപനീക്കത്തിലേക്കാണ് ഹിന്ദുത്വര്‍ പ്രക്ഷോഭം നടത്തുന്നത്.

പ്രതിഷേധക്കാര്‍ ബുധനാഴ്ച പ്രകടനത്തിനിടെ പോലിസ് ബാരിക്കേഡുകള്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. പോലിസ് സംഘം പള്ളിയിലേക്കുള്ള വഴിയടച്ച് സ്ഥാപിച്ച ബാരിക്കേഡാണ് തകര്‍ത്തത്. 'ജയ് ശ്രീറാം', 'ഹിന്ദു ഏകതാ സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നൂറുകണക്കിന് പ്രതിഷേധക്കാരെത്തിയത്. ധല്ലിയിലെ സബ്‌സി മാണ്ഡിയില്‍ ഒത്തുകൂടിയ സംഘം സഞ്ജൗലിയിലേക്ക് മാര്‍ച്ച് ചെയ്യുകയും ധല്ലി തുരങ്കത്തിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കുകയുമായിരുന്നു. പള്ളിക്ക് സമീപമുള്ള രണ്ടാമത്തെ ബാരിക്കേഡ് കൂടി തകര്‍ത്തതോടെയാണ് പോലിസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തത്. പ്രദേശത്ത് കനത്ത പോലിസ് സേനയെ വിന്യസിച്ചിരുന്നെങ്കിലും അക്രമസമാനമായ രംഗങ്ങളാണുണ്ടായത്. വനിതാ പോലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഷിംല ജില്ലാ ഭരണകൂടം ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ സെക്ഷന്‍ 163 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതുപ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നതും മാരകായുധങ്ങളും ആയുധങ്ങളും കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മസ്ജിദിനെ അനധികൃത കെട്ടിടം പൊളിക്കണമെന്നും സംസ്ഥാനത്തേക്ക് വരുന്ന പുറത്തുനിന്നുള്ളവരെ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ചില ഹിന്ദു സംഘടനകള്‍ ബുധനാഴ്ച സഞ്ജൗലി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ദിവസങ്ങള്‍ക്കു മുമ്പും ദേവഭൂമി സംഗതന്‍ തുടങ്ങിയ പേരുള്ള ഹിന്ദുത്വ സംഘടനകള്‍ ബന്ദും പ്രതിഷേധവും നടത്തിയിരുന്നു. ദേശീയ പതാകയും സംഘപരിവാര പതാകയുമേന്തിയ സംഘം മുസ് ലിംകള്‍ക്കെതിരേ വിഷംചീറ്റുന്ന മുദ്രാവാക്യങ്ങളാണ് മുഴക്കിയിരുന്നത്.

അതേസമയം, പ്രതിഷേധങ്ങള്‍ പ്രദേശത്തെ സമാധാനത്തെ ബാധിക്കരുതെന്നും മുസ് ലിം പള്ളി അനധികൃതമാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും ഹിമാചല്‍ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണ്. വാദം കേട്ട ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ തീര്‍ച്ചയായും നടപടിയെടുക്കുമെന്നും പൊളിച്ചുനീക്കുമെന്നും ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. വിഷയത്തെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാന്‍ പറഞ്ഞു. പ്രതിഷേധിക്കാനെത്തിയവരെ വ്യക്തിപരമായി അറിയാം. അവരെല്ലാം ബിജെപി പ്രവര്‍ത്തകരാണ്. ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരാണ്. ഇതൊരു ദേശീയ വിഷയമാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതൊരു ഹിന്ദു-മുസ് ലിം പ്രശ്‌നമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് ക്രമസമാധാന പ്രശ്‌നമാണ്, നിയമം അതിന്റെ വഴിക്ക് പോകും. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയ അവസരം കാണുന്ന ചിലര്‍ക്ക് പിന്തുണ ലഭിക്കില്ല. മോശം ഘടകങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാന്‍ പുറത്ത് നിന്ന് വരുന്ന ആളുകളുടെ ട്രാക്ക് റെക്കോര്‍ഡ് സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നരേഷ് ചൗഹാന്‍ പറഞ്ഞു. അനധികൃത നിര്‍മാണത്തിനെതിരായ നടപടി കോണ്‍ഗ്രസ് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് ഹിമാചല്‍ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ജയറാം താക്കൂര്‍ ആരോപിച്ചു.


Tags:    

Similar News