തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടലിനേ തുടർന്ന് മലയാളി യുവാവ് മരിച്ചു. ഇടുക്കി വെള്ളത്തൂവൽ കമ്പിളിക്കണ്ടം പൂവത്തിങ്കൽ വീട്ടിൽ അമൽ മോഹൻ(34) ആണ് മരിച്ചത്. സമുദ്രനിരപ്പിൽ നിന്നും 6,000 മീറ്റർ ഉയരത്തിലുള്ള ഗരുഡ കൊടുമുടി കയറുന്നതിനിടയിലാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ജി നായരാണ് അമലിന്റെ ആരോഗ്യസ്ഥിതി മോശമായെന്നും അടിയന്തിര എയർലിഫ്റ്റിംഗ് വേണമെന്നും അധികൃതരെ അറിയിച്ചത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അമല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഹെലികോപ്ടറിൽ ജോഷിമഠിൽ എത്തിച്ചു. ജോഷിമഠ് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി എംബാം ചെയ്ത് മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.