കൊല്ലം: കൊല്ലം നടുമണ്‍കാവില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ നിന്ന് കാണാതായി. പള്ളിമണ്‍ പുലിയില ഇളവൂര്‍ തടത്തില്‍മുക്ക് ധനേഷ് ഭവനത്തില്‍ പ്രദീപ്-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദ(പൊന്നും)യെയാണ് കാണാതായത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം.
പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. മാതാവ് ധന്യ തുണികഴുകാന്‍ പോവുമ്പോള്‍ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. മാതാവിനു പിന്നാലെയെത്തിയ കുഞ്ഞിനോട് അകത്തുപോയിരിക്കാന്‍ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോവുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാന്‍ പോയത്. എന്നാല്‍ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീടിനുസമീപം വേറെ വാഹനങ്ങള്‍ വന്ന ശബ്ദമൊന്നും കേട്ടില്ലെന്നും ധന്യ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാന്‍ പോവാറില്ലത്രേ.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലിസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പരിശോധന തുടരുകയാണ്. സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല.