ശ്രീനഗര്‍: കശ്മീരില്‍ മാധ്യമ പ്രവര്‍ത്തകനെ യാതൊരു പ്രകോപനവുമില്ലാതെ പോലിസ് മര്‍ദിച്ചതായി പരാതി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന ആകാശ് ഹസന്‍(23) എന്ന മാധ്യമ പ്രവര്‍ത്തകനെയാണ് ജമ്മു കശ്മീര്‍ പോലിസ് മര്‍ദിച്ചത്. ശനിയാഴ്ച്ച വൈകീട്ട് കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയിലാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് യാത്ര ചെയ്യുകായയിരുന്ന ആകാശ് ഹസനെ പോലിസ് അകാരണമായി മര്‍ദിക്കുകയായിരുന്നു. സംഗം എന്ന സ്ഥലത്തെത്തിയപ്പോള്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതായും വാഹനങ്ങള്‍ക്ക് പിറകെ സാവധാനത്തില്‍ പോകുന്നതിനിടെ പോലിസ് മുഖത്തേക്ക് അടിക്കുകയായിരുന്നെന്ന് ആകാശ് പറഞ്ഞു. പ്രസ് എന്ന് എഴുതിയത് ഉറക്കെ വായിച്ചായിരുന്നു പോലിസിന്റെ നടപടി. സാഹിദ് എന്ന പോലിസുകാരനും മറ്റൊരു പോലിസുകാരനുമാണ് തന്നെ മര്‍ദിച്ചതെന്ന് ആകാശ് ഹസന്‍ ട്വീറ്റ് ചെയ്തു.
മാധ്യമപ്രവര്‍ത്തകനാണ് താനെന്ന് തിരിച്ചറിഞ്ഞ് കൊണ്ടായിരുന്നു പോലിസിന്റെ നടപടിയെന്ന് ആകാശ ഹസന്‍ പറഞ്ഞു. ഗതാഗത കുരുക്കുണ്ടായിരുന്നതിനാല്‍ വളരെ സാവധാനത്തിലാണ് വാഹനം ഓടിച്ചിരുന്നത്. ഇതിനിടെ പോലിസ് ഉദ്യോഗസ്ഥന്‍ തന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തേക്ക് ശക്തമായി അടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആകാശ് ഹസന്റെ മൂക്കില്‍ നിന്നും രക്തം ഒഴുകി. കാറില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നെന്ന് ആകാശ് ഹസന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ അനന്ദ്‌നാഗ് പോലിസ് ക്ഷമാപണം നടത്തി. പോലിസ് സൂപ്രണ്ട് തന്നെ വിളിച്ച് ക്ഷമാപണം നടത്തിയതായും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അറിയിച്ചതായും ഹസന്‍ പറഞ്ഞു.