സാമൂഹിക പ്രവര്‍ത്തകന്‍ ജി എന്‍ സായ്ബാബ അന്തരിച്ചു
മാവോവാദി കേസില്‍ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച അദ്ദേഹത്തെ മാര്‍ച്ച് അഞ്ചിനാണ് ബോംബൈ ഹൈക്കോടതി വെറുതെവിട്ടത്.
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസറും സാമൂഹിക-പൗരാവകാശ പ്രവര്‍ത്തകനുമായ ജി എന്‍ സായ്ബാബ (57)അന്തരിച്ചു. പിത്താശയ ഗ്രന്ഥിയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയക്ക് ശേഷമാണ് മരണം. മഹാരാഷ്ട്ര പോലിസ് റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പത്ത് വര്‍ഷമാണ് സായ്ബാബ ജയിലില്‍ അടക്കപ്പെട്ടത്. ബോംബെ ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ട 2024 മാര്‍ച്ചിലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
ആന്ധ്രാപ്രദേശിലെ ഗോദാവരിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച സായ്ബാബക്ക് ചെറുപ്പത്തിലേ പോളിയോ ബാധിച്ചിരുന്നു. തുടര്‍ന്ന് വീല്‍ചെയറിലാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ട്യൂഷന്‍ സെന്ററില്‍ വെച്ചുള്ള പരിചയമാണ് പിന്നീട് വസന്തകുമാരിയുമായുള്ള വിവാഹത്തില്‍ എത്തിയത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട് നടപ്പാക്കാന്‍ വേണ്ട സമരങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് ഇടത് പ്രത്യയശാസ്ത്രത്തില്‍ എത്തുകയായിരുന്നു.
മധ്യ ഇന്ത്യയില്‍ കുത്തക കമ്പനികള്‍ക്ക് വേണ്ടി ആദിവാസി ഭൂമി പിടിച്ചെടുക്കുന്നതിനെ ചോദ്യം ചെയ്യുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ കാരണമെന്ന് സായ്ബാബ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദിവാസികള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളെ ചോദ്യം ചെയ്യുന്ന സമിതിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായിരുന്നു അദ്ദേഹം. രാഷ്ട്രീയതടവുകാരുടെ വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സിആര്‍പിപി സംഘടനയുടെയും വിപ്ലവ ജനാധിപത്യ മുന്നണിയുടെയും (ആര്‍ഡിഎഫ്) ഭാരവാഹി കൂടിയായിരുന്നു സായ്ബാബ.
2014 മേയ് ഒമ്പതിനാണ് മുംബൈയില്‍ നിന്നുള്ള പോലിസ് സംഘം ഡല്‍ഹി സര്‍വ്വകലാശാല ക്യാമ്പസില്‍ പ്രവേശിച്ച് സായ്ബാബയെ അറസ്റ്റ് ചെയ്തത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ കുപ്രസിദ്ധമായ അണ്ഡ സെല്ലിലാണ് സായ്ബാബയെ അടച്ചിരുന്നത്. ജയിലില്‍ കിടന്ന കാലയളവില്‍ 'വൈ ഡു യു ഫിയര്‍ മൈ വേ സോ മച്ച്? പോയംസ് ആന്റ് ലെറ്റേഴ്‌സ് ഫ്രം പ്രിസണ്‍' എന്ന പുസ്തകം എഴുതി. അരുന്ധതി റോയിയുടെ മിനിസ്ട്രി ഓഫ് അട്ട്‌മോസ്റ്റ് ഹാപ്പിനസ് എന്ന പുസ്തകം തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തി. ജയിലില്‍ വെച്ച് ഉറുദു ഭാഷയിലും അദ്ദേഹം പ്രാവീണ്യം നേടി. വസന്തകുമാരിയാണ് ഭാര്യ. മകള്‍: മഞ്ജീര.