സാമൂഹിക നീതി വകുപ്പിന്റെ റിപോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
കോഴിക്കോട്: സംസ്ഥാനത്ത് പല കുടുംബങ്ങളിലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന സാമൂഹിക നീതി വകുപ്പിന്റെ റിപോര്‍ട്ട് പുറത്തുവരുമ്പോള്‍ പലതരത്തിലുള്ള ആശങ്കകള്‍ക്കാണ് വഴിവയ്ക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി. പല കേസുകളിലും പിതാവോ സഹോദരങ്ങളോ അടുത്ത രക്ത ബന്ധുക്കളോ ആണ് വില്ലന്മാര്‍. അതുപോലെ അപരിചിതരില്‍ നിന്നും അകന്ന ബന്ധുക്കളില്‍ നിന്നും കുട്ടികള്‍ ആക്രമണ വിധേയരാവുന്നുണ്ട്. കേരളത്തിലെ 11,72,443 കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് സാമൂഹിക നീതി വകുപ്പ് നടത്തിയ സര്‍വേയിലൂടെ കണ്ടെത്തിയിരിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കേരളത്തില്‍ 212 കുട്ടികളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. 2013 ല്‍ കുമളിയിലെ ഷെഫീഖ് എന്ന ബാലനെ സ്വന്തം പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും അതേവര്‍ഷം തന്നെ ബാലസുരക്ഷ പ്രോട്ടോകോള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് നിഷ്‌കര്‍ഷിച്ചിരുന്ന വള്‍നറബിലിറ്റി മാപ്പിങ് ഇതുവരെ നടപ്പാക്കിയിട്ടില്ല എന്ന് മാത്രമല്ല ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തിനു വേണ്ടി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ വഴിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ നല്‍കേണ്ട ഇടക്കാല നഷ്ടപരിഹാരത്തിനും കോടതി വിധിക്കുന്ന നഷ്ടപരിഹാരത്തിനും അര്‍ഹത ഉണ്ടെങ്കിലും നടപടികള്‍ വൈകുന്നതും ഫണ്ടിന്റെ അപര്യാപ്തതയും ഇതും വൈകിപ്പിക്കുന്നു. വിചാരണ വര്‍ഷങ്ങള്‍ നീളുന്നതോടെ പ്രതികള്‍ തുച്ഛമായ തുക നല്‍കിയും സമ്മര്‍ദ്ദം ചെലുത്തിയും കേസ് ഒത്തുതീര്‍പ്പാക്കുന്നു. ലക്ഷങ്ങളുടെ നഷ്ടപരിഹാരവും വര്‍ഷങ്ങളുടെ തടവു ശിക്ഷയും വിധിക്കേണ്ട കേസുകളാണ് ഇങ്ങനെ പാതിവഴിയില്‍ അവസാനിക്കുന്നത്. 2022 ല്‍ അതിക്രമങ്ങള്‍ക്ക് ഇരയായ കുട്ടികളുടെ എണ്ണം 5,315 ആണ്. ഇത് ഞെട്ടിക്കുന്ന കണക്കാണ്. 2021 ല്‍ മാത്രം 41 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്താന്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ശക്തമായി ഇടപെടണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മേരി എബ്രഹാം, ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സെക്രട്ടറിമാരായ കെ കെ ഫൗസിയ, റൈഹാനാ സുധീര്‍, ഖജാഞ്ചി മഞ്ജുഷാ മാവിലാടം, ബാബിയാ ശരീഫ്, സുലൈഖ റഷീദ്, സല്‍മാ സ്വാലിഹ സംസാരിച്ചു.