പാരിസ്: ഗസയില്‍ ഇസ്രായേല്‍ തുടരുന്ന കൂട്ടകൂരുതികള്‍ക്ക് ഒരു വര്‍ഷം. ഇസ്രായേലിന്റെ നരനായാട്ടിനെതിരേ ലോകത്തുടനീളം ഫലസ്തീന്‍ അനുകൂല റാലികളില്‍ പങ്കെടുത്ത് ലക്ഷങ്ങള്‍. യൂറോപ്യന്‍ നഗരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സംഘടിപ്പിച്ച ഫലസ്തീന്‍ അനുകൂല റാലികളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടനില്‍ റസ്സല്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ബാര്‍ക്ലേസ് ബാങ്കും ബ്രിട്ടീഷ് മ്യൂസിയവും ഉള്‍പ്പെടെ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം ഫലസ്തീന്‍ അനുകൂലികളും ഇസ്രായേല്‍ പക്ഷക്കാരും തമ്മില്‍ പ്രദേശത്ത് തര്‍ക്കമുണ്ടായതായും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരവധി പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയതായും ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റോമില്‍ നടന്ന റാലിയില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യമുന്നയിച്ച് നിരവധി പേരാണ് അണിനിരന്നത്. ഫലസ്തീനെ അനുകൂലിച്ച് കറുത്ത വസ്ത്രം ധരിച്ചും മുഖം മറച്ചും ബോട്ടിലുകളും പേപ്പറുകളും ബോംബിന് സമാനമായി പോലിസിന് നേരെ വലിച്ചെറിഞ്ഞുമാണ് നഗരത്തില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. എന്നാല്‍ സുരക്ഷാ മുന്‍കരുതലിനെ തുടര്‍ന്ന് അധികൃതര്‍ പ്രതിഷേധക്കാരെ തടഞ്ഞു. 'ഫലസ്തീന്‍ സ്വാതന്ത്ര്യം, ലെബനാന്‍ സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ഫലസ്തീന്‍ പതാകയേന്തിയായിരുന്നു പ്രകടനം.
ജര്‍മന്‍ നഗരമായ ഹംബര്‍ഗില്‍ നടന്ന പ്രകടനത്തില്‍ വംശഹത്യ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യ മുയര്‍ത്തി ഫലസ്തീന്‍, ലെബനാന്‍ പതാകയുമായാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പാരിസില്‍ സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. വാഷിങ്ടണ്‍, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍, ഡെന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും ഫലസ്തീന്‍ അനുകൂല റാലികള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.