മുംബൈയെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാന്‍ നീക്കമെന്ന് കോണ്‍ഗ്രസ്
മുംബൈ: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മുംബൈയെ സംസ്ഥാനത്ത് നിന്ന് വിഭജിച്ച് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാന്‍ നീക്കമുണ്ടെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ. 'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും കൊവിഡ് മഹാമാരിയെക്കുറിച്ചോ നോട്ട് നിരോധനത്തെക്കുറിച്ചോ മണിപ്പൂരിനെക്കുറിച്ചോ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഇച്ഛയ്ക്കും മനോഭാവത്തിനും അനുസരിച്ചാണ് ഇപ്പോള്‍ സമ്മേളനം ചേരുന്നത്. ഈ സെഷന്‍ മുംബൈയെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യുമെന്ന് പടോലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സപ്തംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഇത് വിവിധ ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 'മുംബൈ ഒരു അന്താരാഷ്ട്ര നഗരവും സാമ്പത്തിക തലസ്ഥാനവുമാണ്. ഇപ്പോള്‍, എയര്‍ ഇന്ത്യ, ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍, ഡയമണ്ട് മാര്‍ക്കറ്റ് തുടങ്ങിയ മുംബൈയിലെ പവര്‍ ഹൗസുകള്‍ നഗരത്തിന് പുറത്തേക്ക് മാറ്റുകയാണെന്നും പടോലെ ആരോപിച്ചു. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷനല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഗുജറാത്തിലേക്ക് മാറ്റാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം), എന്‍സിപി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന മുന്‍ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഇത്തരം സംസ്ഥാന വിരുദ്ധ തീരുമാനങ്ങള്‍ക്ക് വലിയ തടസ്സമായതിനാല്‍ അതിനെ കേന്ദ്രസര്‍ക്കാര്‍ താഴെയിറക്കിയെന്നും പടോലെ ആരോപിച്ചു.