300 പവനും ഒരു കോടിയും കവര്‍ന്ന ലിജീഷിനെ കുടുക്കിയത് എട്ടുകാലി വല

ലിജീഷ് മുമ്പ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Update: 2024-12-02 05:25 GMT

കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്ന ലിജീഷിനെ പിടിക്കാന്‍ സഹായിച്ചത് എട്ടുകാലി വലയെന്ന് പോലിസ്. അഷ്‌റഫിന്റെ വീട്ടില്‍ കയറിയ കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കള്ളന്‍ ആരാണെന്ന് പോലിസിന് വ്യക്തയുണ്ടായിരുന്നില്ല. അതിനാല്‍, കള്ളന്റെ ഷര്‍ട്ടിന്റെ നിറം കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.


മോഷണം പുറത്തറിഞ്ഞ ദിവസം പ്രദേശവാസികളുടെ വീടുകളില്‍ പോലിസ് പോയിരുന്നു. സ്വാഭാവികമായും അഷ്‌റഫിന്റെ തൊട്ടടുത്ത വീട്ടിലെ ലിജീഷിന്റെ സമീപവും പോലിസ് എത്തി. സംശയകരമായ സാഹചര്യത്തില്‍ ആരെയെങ്കിലും പ്രദേശത്ത് കണ്ടിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് അറിയാനായിരുന്നു ഇത്. അങ്ങനെ ആരെയും കണ്ടില്ലെന്നാണ് ലിജീഷ് പോലിസിനോട് പറഞ്ഞത്.

എന്നാല്‍, ഇയാളുടെ തലമുടിയിലും ഷര്‍ട്ടിലും എട്ടുകാലി വലകള്‍ കണ്ടു. അഷ്‌റഫിന്റെ വീട്ടിലെ എട്ടുകാലി വലകള്‍ പരിശോധിച്ചിരുന്ന പോലിസ് എങ്ങനെയാണ് ചിലന്തിവല തലയില്‍ ആയതെന്ന് ലിജീഷിനോട് സ്വാഭാവികമെന്നോണം ചോദിച്ചു. ഈ ചോദ്യത്തെ തമാശ രീതിയില്‍ തള്ളുകയാണ് ലിജീഷ് ചെയ്തത്.ഇതോടെ സംശയം തോന്നിയ പോലിസ് സംഘം ഇയാളെ നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും തീരുമാനിച്ചു.


ഞായറാഴ്ച്ച രാവിലെ കസ്റ്റഡിയിലെടുത്ത ലിജീഷിന്റെ വിരലടയാളവും പോലിസ് ശേഖരിച്ചു. കണ്ണൂര്‍ കീച്ചേരിയില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന ഒരു വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ലിജീഷിന്റെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന റിപോര്‍ട്ടും പോലിസിന് ലഭിച്ചു. 11 പവന്‍ സ്വര്‍ണമാണ് ആ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നത്. ഇതോടെ ലിജീഷിനെ കാര്യമായി ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിക്കുകയായിരുന്നു. രാവിലെ ആറുമണിക്ക് കസ്റ്റഡിയിലെടുത്ത ലിജീഷ് വൈകീട്ട് ആറ് മണി കഴിഞ്ഞാണ് കുറ്റം സമ്മതിച്ചത്.

അതിവേഗം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ പോലിസ് ഇയാളെ വീട്ടിലെത്തിച്ച് തൊണ്ടിമുതല്‍ കണ്ടെടുത്തു. 1.2 കോടി രൂപയും 300 പവന്‍ സ്വര്‍ണവുമാണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് പോലിസ് അറിയിച്ചു.


          പിടിച്ചെടുത്ത പണം

വെല്‍ഡിങ് തൊഴിലിലെ വൈദഗ്ദ്യം ഉപയോഗിച്ചാണ് ലിജീഷ് അഷ്‌റഫിന്റെ വീടിന് അകത്ത് കയറി ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. അഷ്‌റഫിന്റെ വീട്ടില്‍ ഒരു കോടി രൂപയും 300 പവനും കണ്ടെങ്കിലും ആദ്യ ദിവസം ഇതില്‍ പകുതി മാത്രമാണ് കൊണ്ടുപോയത്. അടുത്ത ദിവസം വീണ്ടുമെത്തിയാണ് ബാക്കി കവര്‍ന്നത്. ലിജീഷ് മുമ്പ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇനി ജില്ലയിലെ തെളിയാത്ത കേസുകളിലെ അന്വേഷണത്തിലും ഇയാളെ ചോദ്യം ചെയ്യും. ലിജീഷിനെ പിടിച്ചതിനെ തുടര്‍ന്ന് പോലിസുകാര്‍ സ്‌റ്റേഷനില്‍ ലഡു വിതരണം ചെയ്തു.

Tags:    

Similar News