ഒളികാമറ വിവാദം: എം കെ രാഘവനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
സംഭവത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിച്ച എം കെ രാഘവന്‍ കഴിഞ്ഞ ദിവസം സിറ്റി പോലിസ് കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു
കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ എം കെ രാഘവനെതിരേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനറും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ അഡ്വ. പി എ മുഹമ്മദ് റിയാസാണ് പരാതി നല്‍കിയത്. ഭൂമിയിടപാടിനു കോടികള്‍ കോഴ ആവശ്യപ്പെടുകയും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുക നല്‍കാന്‍ എം കെ രാഘവന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങള്‍ ടിവി 9 ഭാരത് വര്‍ഷന്‍ എന്ന ഹിന്ദി ചാനല്‍ പുറത്തുവിട്ടിരുന്നു. കോഴ ആവശ്യപ്പെട്ടത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസ് പരാതി നല്‍കിയത്. എം കെ രാഘവന്‍ നടത്തിയ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും കള്ളപ്പണ ഇടപാടടക്കം രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തിരഞ്ഞെടുപ്പ് ചെലവായി രാഘവന്‍ കമ്മീഷന്‍ മുമ്പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.
സംഭവത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് ആരോപിച്ച എം കെ രാഘവന്‍ കഴിഞ്ഞ ദിവസം സിറ്റി പോലിസ് കമ്മീഷണര്‍ക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കലക്്ടര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഫോറന്‍സിക് പരിശോധനയുള്‍പ്പെടെ ആവശ്യമുണ്ടെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പരാതി നല്‍കുന്നത്.ഇതോടെ എം കെ രാഘവനെതിരായ കോഴക്കുരുക്ക് പുതിയ തലത്തിലേക്ക് നീങ്ങുമെന്നുറപ്പായി. കോഴ വിവാദം എല്‍ഡിഎഫ് പ്രധാന പ്രചാരണ ആയുധമായി ഉപയോക്കുന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.