ശ്രീനാരായണ ഗുരു സര്‍വകലാശാല അറബി ഭാഷാ മേധാവി വിവാദം: വിശദീകരണവുമായി ഹുസയ്ന്‍ മടവൂര്‍

Update: 2021-01-25 17:48 GMT

കോഴിക്കോട്: ശ്രീനാരായണ ഗുരു സര്‍വകലാശാല അറബി ഭാഷാ മേധാവിയെ ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി ഹുസയ്ന്‍ മടവൂര്‍. സര്‍വകലാശാല അറബിക് അക്കാദമിക് കമ്മിറ്റിയില്‍ തന്നെ ഡിസിപ്ലിന്‍ ചെയര്‍മാനായി നിശ്ചയിച്ചതിനെ വിവാദമാക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്ന് ഡോ.ഹുസൈന്‍ മടവൂര്‍ അറിയിച്ചു.

നിരവധി അക്കാദമിക്ക് കമ്മിറ്റികളില്‍ ഒന്നു മാത്രമാണ് അറബിക് അക്കാദമിക് കമ്മിറ്റി. ഓപ്പണ്‍ സര്‍വകലാശാലയില്‍ ഡിപാര്‍ട്ട്‌മെന്റുകളില്ല. അക്കാദമിക് കമ്മിറ്റികളാണുണ്ടാവുക ഓരോ കമ്മിറ്റിയിലേക്കും ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്ധരെയാണ് നിശ്ചയിക്കുക. അതില്‍ അവരുടെ വിശ്വാസമോ മതമോ സ്ഥാപനമോ ഒന്നും പരിഗണിക്കാന്‍ പാടില്ല. ലോകോത്തര ഭാഷകളിലൊന്നായ അറബി ഭാഷ പഠിച്ചവര്‍ക്ക് നല്ല തൊഴില്‍ സാധ്യതയുള്ളതിനാല്‍ നവീന പുതു തലമുറ കോഴ്‌സുകളാണുണ്ടാവേണ്ടത്. അതിന്ന് പറ്റിയ നല്ല അക്കാദമിക് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


അറബി ഭാഷാ വിഭാഗം ഡിസിപ്ലിനറി ചെയര്‍മാനായി ഡോ. ഹുസൈന്‍ മടവൂര്‍ നിയമിക്കപ്പെട്ടതാണ് വിവാദത്തിന് ഇടയാക്കിയത്. ഏഴു വര്‍ഷം മുമ്പ് വിരമിച്ച ഡോ. ഹുസൈന്‍ മടവൂര്‍, ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ പേര് ദുരുപയോഗം ചെയ്താണ് ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ അഫ്സലുല്‍ ഉലമാ കോഴ്സിന്റെ അക്കാദമിക കമ്മറ്റിയിലേക്ക് കയറിക്കൂടിയതെന്നാണ് ആരോപണം. നിര്‍ദ്ദിഷ്ട ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ രൂപീകരിച്ച അഫ്സലുല്‍ ഉലമാ കോഴ്സിന്റെ അക്കാദമിക കമ്മറ്റിയില്‍ മുഴുവന്‍ അറബിക് കോളേജുകളിലെയും അധ്യാപകരെ പരിഗണിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ പ്രഥമവും പ്രശസ്തവുമായ ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് ആരെയും ഇതിലേക്ക് പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ കോളജിന്റെ പേര് ദുരുപയോഗം ചെയ്ത് അനധികൃതമായി കയറിപറ്റുകയായിരുന്നുവെന്ന് കണ്ടെത്തിയതായും ഇതുമൂലം നാക് അക്രഡിറ്റേഷനും മറ്റും ലഭിക്കേണ്ട പോയന്റുകള്‍ നഷ്ടമാവുമെന്ന് ഭയപ്പെടുന്നതായും ഫറോക്ക് റൗസത്തുല്‍ ഉലൂം അറബിക് കോളജ് വൃത്തങ്ങള്‍ അറിയിച്ചു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നടപടിയെന്നും കോളജ് വൃത്തങ്ങള്‍ അറിയിച്ചു. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അന്വേഷിച്ചപ്പോള്‍, ഹുസൈന്‍ മടവൂര്‍ റൗസത്തുല്‍ ഉലൂം അറബിക് കോളജിന്റെ പേരിലേണ് അക്കാദമിക കമ്മിറ്റിയില്‍ വന്നതെന്ന് അറിയാന്‍ കഴിഞ്ഞതായി പ്രിന്‍സിപ്പല്‍ ഡോ. അബ്ദുര്‍റഹിമാന്‍ ചെറുകര തേജസ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലായിരുന്ന നിര്‍ദ്ദിഷ്ട ഓപ്പണ്‍ യൂനിവേഴ്സിറ്റി വി സി മുബാറക് പാഷ റൗസത്തുല്‍ ഉലൂം അറബിക് കോളജിനെ തഴഞ്ഞതില്‍ ദുഖമുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.





Similar News