ലങ്കയിൽ പ്രക്ഷോഭം കനക്കുന്നു; മന്ത്രിമാരുടെ വീട് വളഞ്ഞ് ജനം

പലയിടങ്ങളിലും മന്ത്രിമാരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായി. മുൻ മന്ത്രി റോഷൻ രണസിംഗെയുടെ വീട് ജനം അടിച്ചു തകർത്തു.

Update: 2022-04-05 05:24 GMT

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം കനത്തു. അർധരാത്രിയിലും പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. മന്ത്രിമാരുടേതടക്കം രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ജനം വളഞ്ഞു. പലയിടങ്ങളിലും പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.

പലയിടങ്ങളിലും മന്ത്രിമാരുടെ വീടുകൾക്ക് നേരെ അക്രമമുണ്ടായി. മുൻ മന്ത്രി റോഷൻ രണസിംഗെയുടെ വീട് ജനം അടിച്ചു തകർത്തു. മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പിൽ പ്രതിഷേധക്കാർ തീയിട്ടു. അർദ്ധരാത്രിയിലും പ്രസിഡന്റിന്റെ ഓഫീസിനു മുന്നിൽ സമരക്കാർ ഒത്തുകൂടിയിരുന്നു. സമരക്കാരിൽ ഏറെയും വിദ്യാർഥികളാണ്. സിനിമാ, കായിക രംഗത്തുള്ളവരും സമരരംഗത്തുണ്ട്.

അതേസമയം, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ ക്ഷണം പല പ്രതിപക്ഷ പാർട്ടികളും നിരസിച്ചു. പ്രസിഡന്റ് രാജിവെയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ വ്യക്തമാക്കി. ഇന്നലെ തന്നെ ഇടക്കാല സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. നാല് മന്ത്രിമാർ ഇന്നലെ ചുമതലയേറ്റു. നിയമ, പാർലമെന്ററി മന്ത്രിയായിരുന്ന അലി സബ്രി ധനമന്ത്രിയായും ജി എൽ പീരിസ് വിദേശകാര്യ മന്ത്രിയായും ദിനേശ് ഗുണവർധന വിദ്യാഭ്യാസ മന്ത്രിയായും ജോൺസ്റ്റൺ ഫെർണാണ്ടോ ഗതാഗത മന്ത്രിയായുമായാണ് ചുമതലയേറ്റത്.

Similar News