ഏകീകൃത യൂനിഫോം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്തിരിയണം: എസ്എസ്എഫ്
ബാലുശേരി: ജന്റര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന് എസ്എസ്എഫ് ബാലുശ്ശേരി ഡിവിഷന്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് നിവേദനവും നല്‍കി. ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും വേണ്ടതില്ലെന്ന നിലപാടാണ് വസ്ത്രം ഏകീകരിക്കുക വഴി നടപ്പിലാക്കപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കെ അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തിടുക്കപ്പെട്ട് തീരുമാനമെടുക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്ത്രീകള്‍ക്ക് നിരന്തരം നീതി നിഷേധിക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ അതിന്റെ പ്രതിവിധികളെ കുറിച്ചുള്ള ആലോചനകള്‍ക്ക് പകരം അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് ഗുണകരമല്ലെന്നും എസ്എസ്എഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എസ്എസ്എഫ് ജില്ലാ ജന:സെക്രട്ടറി ഡോ. എം എസ് മുഹമ്മദ്, ബാലുശേരി ഡിവിഷന്‍ ജന:സെക്രട്ടറി നൗഫല്‍ കുറുമ്പോയില്‍, സെക്രട്ടറി സല്‍മാന്‍ കൊടശ്ശേരി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.