ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: ആഗ്രയില്‍ പോലിസിനു നേരെ വാല്‍മികി സമുദായക്കാരുടെ പ്രതിഷേധം; കല്ലേറ്
ആഗ്ര: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആഗ്രയില്‍ വാല്‍മീകി സമുദായാംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിനിടെ പോലിസുമായി സംഘര്‍ഷം. പ്രകോപിതരായ പ്രതിഷേധക്കാര്‍ പോലിസിന് നേരെ കല്ലെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോലിസ് ലാത്തി വീശി. പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
'സ്ഥിതിഗതികള്‍ പോലിസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സൈബര്‍ സംഘം ആക്ഷേപകരമായ പോസ്റ്റുകള്‍ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളിലം പരിശോധിക്കുകയാണെന്നും സമാധാനം നിലനിര്‍ത്തണമെന്നും ആഗ്ര സിറ്റി പോലീസ് സൂപ്രണ്ട് ബി ആര്‍ പ്രമോദ് പറഞ്ഞു. നഗരത്തിലുടനീളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിക്കുന്നതായി വാല്‍മീകി സമുദായാംഗങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് തിരക്കേറിയ റോഡരികിലെ മാലിന്യങ്ങളും മാലിന്യകൂമ്പാരങ്ങളുടെയും വീഡിയോ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.