ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല: എസ് പി ഉള്‍പ്പെടെ അഞ്ചു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണയുവാക്കള്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെ അഞ്ചു പോലിസുകാരെ സസ്‌പെന്റ് ചെയ്തു. ഹഥ്‌റാസ് പോലിസ് സൂപ്രണ്ട് വിക്രാന്ത് വീറിനെയും മറ്റ് നാല് പോലിസ് ഉദ്യോഗസ്ഥരെയുമാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. സര്‍ക്കിള്‍ ഓഫിസര്‍ റാം ശബ്ദ്, ഇന്‍സ്‌പെക്ടര്‍ ദിനേശ് മീന, സബ് ഇന്‍സ്‌പെക്ടര്‍ ജഗവീര്‍ സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ മഹേഷ് പാല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കേസന്വേഷിക്കുന്ന പ്രത്യേക സംഘം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തത്. ഇരയുടെ കുടുംബം ഉള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും നാര്‍ക്കോ പോളിഗ്രാഫ് പരിശോധന നടത്തണമെന്നും പ്രത്യേകസംഘം ആവശ്യപ്പെട്ടു. സംഭവം യോഗി ആദിത്യനാഥിന്റെ ഭരണകാലത്തെ ചൂഷണപരമായ ജാതി ശ്രേണിയെക്കുറിച്ചും ക്രമസമാധാനപാലനത്തിലെ വീഴ്ചയെ കുറിച്ചും യുപി സര്‍ക്കാരിനെ കടുത്ത വിമര്‍ശനമാണുയരുന്നത്.
അതിനിടെ, ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും പ്രതിഷേധം ആളിക്കത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ആം ആദ്മി പാര്‍ട്ടി നേതാക്കള്‍, ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവര്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു. പ്രതികളെ എത്രയും വേഗം തൂക്കിലേറ്റണം. ഞങ്ങള്‍ ഇവിടെ സങ്കടത്തോടെയാണ് ഒത്തുകൂടുന്നത്. ഞങ്ങളുടെ മകളുടെ ആത്മാവിന് സമാധാനം ലഭിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഞാന്‍ കൈകൂപ്പി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണം. ഇതുപോലുള്ള ഒരു കുറ്റകൃത്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവര്‍ക്ക് നല്‍കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
അതേസമയം, ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. 'ഞാന്‍ ഹാഥ്‌റസ് സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി മുഖ്യമന്ത്രി രാജിവച്ച് നീതി ലഭിക്കുന്നതുവരെ ഞങ്ങളുടെ പോരാട്ടം തുടരും. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഞാന്‍ സുപ്രിം കോടതിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബം അനുമതി നല്‍കിയില്ലെങ്കിലും പോലിസ് പെണ്‍കുട്ടിയെ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ചു. അവളെ മാലിന്യം പോലെ ചുട്ടുകളയുകയായിരുന്നുവെന്നും ആസാദ് പറഞ്ഞു. നേരത്തെ, ഉത്തര്‍പ്രദേശ് പോലിസ് ഡെറക് ഓബ്രിയന്‍ എംപി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ യുവതിയുടെ കുടുംബത്തെ കാണാന്‍ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ തടഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യാത്രാമധ്യേ പോലിസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇത് സംഭവിച്ചത്. ഇവര്‍ക്കെതിരേ ഇന്ത്യന്‍ പീനല്‍ കോഡ്, പകര്‍ച്ചവ്യാധി നിയമത്തിലെ സെക്ഷന്‍ 3 എന്നിവ പ്രകാരം പോലിസ് പിന്നീട് കേസെടുക്കുകയും ചെയ്തിരുന്നു.