കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിദേശിയെ തെരുവ് നായ കടിച്ചു
നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമെന്ന് ആസ്ട്രിച്ച് പറഞ്ഞു.
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ വിദേശസഞ്ചാരിക്ക് തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന 14 അംഗങ്ങള്‍ ഉള്ള ജര്‍മന്‍ ടൂറിസ്റ്റ് സംഘത്തിലെ ആസ്ട്രിച്ച് എന്ന വനിതയ്ക്കാണ് തെരുവു നായയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട് 4.20നാണ് സംഭവം. കോഴിക്കോട് നിന്നും വന്ദേ ഭാരതില്‍ കൊച്ചിയിലേക്ക് പോകാന്‍ മൂന്നാം പ്ലാറ്റ്ഫോം നില്‍ക്കുമ്പോഴാണ് തെരുവ് നായ ആസ്ട്രിച്ചിനെ ആക്രമിച്ചത്. നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് പ്രകോപനത്തിന് കാരണമെന്ന് ആസ്ട്രിച്ച് പറഞ്ഞു. റെയില്‍വേ പോലീസ് പ്രാഥമിക ശുശ്രൂഷ നല്കി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉത്തരേന്ത്യയില്‍ അടക്കം സന്ദര്‍ശിച്ച ശേഷം കോഴിക്കോട് എത്തി കൊച്ചിയിലേക്ക് യാത്ര തുടരുകയായിരുന്നു ജര്‍മന്‍ സംഘം.