'ഞാന്‍ പോകുന്നു'; ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് ബുക്കില്‍

മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Update: 2020-06-02 06:26 GMT

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. നോട്ട്ബുക്കില്‍ 'ഞാന്‍ പോകുന്നു' എന്നുമാത്രമാണ് വിദ്യാര്‍ത്ഥിനി കുറിച്ചുവെച്ചിട്ടുള്ളത്. ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല. സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അതേസമയം, മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡിഡിഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

ഇന്നലെ വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാന്‍ കഴിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായ ദേവികക്ക് പഠനം തടസ്സപ്പെടുന്നതില്‍ ആശങ്കയുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ വീട്ടിലെ കേടായ ടിവി നന്നാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഓണ്‍ ലൈന്‍ പഠനം തുടരാന്‍ വീട്ടില്‍ ടിവിയോ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് ദേവികയെ മാനസികമായി തളര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ വൈകീട്ട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലാണ് ദേവികയുടെ കുടുംബം താമസിക്കുന്നത്.

പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥിയായിരുന്നു ദേവികയെന്ന് വിദ്യാര്‍ത്ഥിയുടെ അധ്യാപകന്‍ പറയുന്നു. മറ്റ് വിദ്യാര്‍ഥികള്‍ എല്ലാം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിവരം കുട്ടി അറിയുകയും ചെയ്തിരുന്നു. 

Tags:    

Similar News