സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Update: 2022-04-06 14:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി. ശക്തമായ മഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

അതിനിടെ ശക്തമായ മഴയിലും കാറ്റിലുംപെട്ട് കോഴിക്കോട്ടും കൊല്ലത്തും വയനാട്ടിലും വീടുകള്‍ തകര്‍ന്നു.കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും ശക്തമായ മഴയ്ക്കും ഇടമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്.

വൈകീട്ട് മൂന്ന് മണിയോടെ തുടങ്ങിയ മഴ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. എറണാകുളത്ത് ഇന്നലെയും വിവിധ സ്ഥലങ്ങളില്‍ ശക്തമായ കാറ്റുമഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായിരുന്നു. വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യതയെന്നാണ് പ്രവചനം. മലയോര മേഖലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആന്‍ഡമാന്‍ കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത കാറ്റും മഴയെയും തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിലെ മത്സരങ്ങള്‍ മാറ്റിവച്ചു.

ഇന്നലെ പെയ്്ത മഴയിലും കാറ്റിലും അങ്കമാലി, നെടുമ്പാശേരി, പെരുമ്പാവൂര്‍ മേഖലയില്‍ കനത്ത നാശം വിതച്ചിരുന്നു. ടെല്‍ക് ഭാഗം മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍, പീച്ചാനിക്കാട്, പുളിയനം ഭാഗങ്ങളിലാണു കാറ്റ് കനത്ത നാശമുണ്ടാക്കിയത്. ദേശീയപാതയില്‍ റോഡിലേക്കു മരങ്ങള്‍ വീണു. 3 വാഹനങ്ങള്‍ക്കു കേടുപാടുകള്‍ പറ്റി. വീശിയടിച്ച കാറ്റില്‍ പരസ്യ ബോര്‍ഡുകള്‍ നിലംപൊത്തി. പരസ്യ ബോര്‍ഡുകള്‍ വീണു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ക്കും കേടു പറ്റി. അഗ്‌നിശമന സേനയെത്തി മരങ്ങള്‍ മുറിച്ചു മാറ്റി.

വീടുകളുടെ മുകളിലേക്കു മരങ്ങളും ബോര്‍ഡുകളും വീണു. മേഖലയില്‍ വ്യാപകകൃഷിനാശം സംഭവിച്ചു. നാല്‍പതിലേറെ വൈദ്യുതി തൂണുകള്‍ കാറ്റില്‍ തകര്‍ന്നു. വൈദ്യുതി ബന്ധം തകരാറിലായി. ദേശീയപാതയിലും ഇടറോഡുകളിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ചെങ്ങമനാട്, നെടുമ്പാശേരി, കുന്നുകര പഞ്ചായത്തുകളിലും വലിയ നാശ നഷ്ടമുണ്ടായി. പാറക്കടവില്‍ പലയിടത്തും മരങ്ങള്‍ കട പുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ഇരുപതിലേറെ വൈദ്യുതി തൂണുകള്‍ മറിഞ്ഞതിനാല്‍ പലയിടത്തും വൈദ്യുതി മുടങ്ങി.

Similar News