ട്രംപിന് തിരിച്ചടി; നികുതി വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സുപ്രിംകോടതിയുടെ അനുമതി
വാഷിങ്ടണ്‍: നികുതി വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് കമ്മിറ്റിക്ക് സുപ്രിംകോടതി അനുമതി നല്‍കി. തന്റെ നികുതി റിട്ടേണുകളും അനുബന്ധ രേഖകളും രഹസ്യമായി സൂക്ഷിക്കാന്‍ അസാധാരണമായ ശ്രമം നടത്തിയ ട്രംപിന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. തന്റെ ഫെഡറല്‍ ഇന്‍കം ടാക്‌സ് റിട്ടേണുകളും ഐആര്‍എസുമായി ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങളുടെ റിട്ടേണുകളും കോണ്‍ഗ്രസ് കമ്മിറ്റിക്ക് ലഭിക്കുന്നത് തടയണമെന്ന ട്രംപിന്റെ ആവശ്യം സുപ്രിംകോടതി നിരസിച്ചു.
ട്രംപിന്റെ 2013-18 കാലയളവിലെ നികുതി റിട്ടേണുകളും രേഖകളും ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കമ്മിറ്റിക്ക് കൈമാറാനാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന് കോടതി അനുമതി നല്‍കിയത്. നിയമപ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍, റിച്ചാര്‍ഡ് നിക്‌സന്‍ മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാല്‍, ട്രംപ് തന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍, അന്ന് അത് തെളിയിക്കാനോ കേസ് പരിഗണിക്കാനോ കോടതി തയ്യാറായിരുന്നില്ല. ട്രംപ് പ്രസിഡന്റായി തുടരുന്നു എന്ന സാങ്കേതികത്വം പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ട്രംപിന്റെ സാമ്പത്തിക കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ട സാഹചര്യമില്ല. ഇതോടെയാണ് നികുതി റിട്ടേണുകള്‍ പരിശോധിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കുന്നത്. 2016 മുതല്‍ 2020 വരെ പ്രസിഡന്റായിരുന്ന ട്രംപ് തുടര്‍ന്ന് മല്‍സരിച്ചെങ്കിലും ജോ ബൈഡനോടു പരാജയപ്പെടുകയായിരുന്നു. 2024ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.