കേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

Update: 2023-11-29 07:35 GMT
ന്യൂഡല്‍ഹി: കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അതിരൂക്ഷ വിമര്‍ശനം നടത്തിയത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിച്ചതിന് കൃത്യമായ കാരണം വിശദീകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിഞ്ഞില്ലെന്നും നിയമസഭ പാസാക്കിയ ധനബില്ലില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും ഗവര്‍ണര്‍ക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കി. രണ്ട് വര്‍ഷത്തോളം ബില്ലുകളില്‍ എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേരളത്തിന്റെ ഹര്‍ജി തള്ളണമെന്ന ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആവശ്യം സുപ്രിംകോടതി തള്ളി. ഗവര്‍ണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രിം കോടതി പരിഗണിക്കും. അതേസമയം, ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന എട്ട് ബില്ലുകളില്‍ ഏഴെണ്ണം രാഷ്ട്രപതിക്ക് അയച്ചതായി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. ഒരെണ്ണത്തിന് അനുമതി നല്‍കിയതായും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍, ചട്ടങ്ങള്‍ പാലിക്കാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നെണ്ണം നേരത്തേ ഓര്‍ഡിനന്‍സായി ഇറക്കിയപ്പോള്‍ ഗവര്‍ണര്‍ ഒപ്പുവച്ചതാണ്. ഓര്‍ഡിനന്‍സുകളില്‍ പ്രശ്‌നമൊന്നും കാണാതിരുന്ന ഗവര്‍ണര്‍ക്ക് പിന്നീട് അവ ബില്ലുകള്‍ ആയപ്പോള്‍ പിടിച്ചുവയ്ക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം വാദിച്ചു. അതുപോലെ, രാഷ്ട്രപതിക്ക് ബില്ലുകള്‍ അയച്ചതിനുള്ള കാരണം ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും എട്ട് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണനയിലുണ്ട്. അതിലൊന്ന് ധനബില്ലാണ്. ധനബില്ലില്‍ തീരുമാനം വൈകുന്നത് സംസ്ഥാനത്തെ ബാധിക്കുമെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണ് ധനബില്ലില്‍ തീരുമാനം വൈകാതെ എടുക്കണെമെന്ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ഗവര്‍ണറെ അറിയിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയെ സുപ്രിം കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഇതിനായി നിലവിലെ ഹരജിയില്‍ ഭേദഗതി അപേക്ഷ നല്‍കാന്‍ കേരളത്തിന് സുപ്രിം കോടതി അനുമതി നല്‍കി. എന്നാല്‍, പുതിയ മാര്‍ഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പുറമെ, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാല കൃഷ്ണ കുറുപ്പ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി, സീനിയര്‍ ഗവര്‍ന്മെന്റ് പ്ലീഡര്‍ വി മനു എന്നിവരാണ് ഹാജരായത്.
Tags:    

Similar News