വിദഗ്ധ ചികില്‍സയ്ക്ക് സിദ്ധീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിം കോടതി
അദ്ദേഹത്തിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ നിന്ന് വൈദ്യചികിത്സയ്ക്കായി ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് സുപ്രിം കോടതി. അദ്ദേഹത്തിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ എയിംസ് അല്ലെങ്കില്‍ ദില്ലിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു.
കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയനും അദ്ദേഹത്തിന്റെ ഭാര്യയും സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിച്ച ബെഞ്ച് നിര്‍ദേശിച്ചു. യുപി ഗവര്‍ണമെന്റിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു.
കപ്പന്റെ വൈദ്യചികിത്സയുടെ വിഷയം മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജയിലിലെ ശുചി മുറിയിലെ വീഴ്ചയിലുണ്ടായ പരിക്കും മറ്റു അസുഖങ്ങളും കാപ്പന് നേരിടുന്നുണ്ട്.
കസ്റ്റഡിയിലുള്ള പ്രതിയെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി യുപി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
'വ്യക്തിയുടെ ആരോഗ്യസ്ഥിതിയും സംസ്ഥാനത്തിന്റെ ആത്യന്തിക ഉത്തരവാദിത്തവും കണക്കിലെടുത്ത് നിങ്ങള്‍ ഈ നിര്‍ദ്ദേശം പരിഗണിക്കണം. അദ്ദേഹത്തിന് പ്രമേഹ രോഗവും രക്തസമ്മര്‍ദ്ദവുമുണ്ട്. കൂടാതെ, ജയിലില്‍ വീണു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ മതിയായ വൈദ്യസഹായം ലഭിക്കുമോയെന്നും ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.എന്നാല്‍, മഥുര ആശുപത്രിയിലെ സൗകര്യങ്ങള്‍ മതിയെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എന്നാല്‍ കോടതി ഇത് അവഗണിച്ച് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്നും യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ വ്യക്തിയുടെയും ജീവന്‍ പ്രധാനമാണെന്ന് കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കവെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.എന്നാല്‍, ഡല്‍ഹിയില്‍ ബെഡ് ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി.
ആശുപത്രി സൗകര്യങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണ് എന്നറിയാം. തങ്ങള്‍ അതേക്കുറിച്ച് ബോധവാന്മാരാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ നല്ല ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തുകൂടെ. ആരോഗ്യം നല്ല നിലയിലായ ശേഷം തിരിച്ചു കൊണ്ടു പോകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍, മഥുരയിലെയും ഡല്‍ഹിയിലെയും നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇത് ആവശ്യമില്ല എന്നായിരുന്നു കോടതി നിര്‍ദേശത്തെ എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍ മേത്തയുടെ മറുപടി.