ആധാറിനെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളി
ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ് എന്നിവര്‍ കേസില്‍ ഇനി പുനപ്പരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതി.
ന്യൂഡല്‍ഹി: ആധാറിനെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി ഭരണഘടനാ ബഞ്ച് തള്ളി. ഭരണഘടനാ ബഞ്ചിലെ നാല് ജഡ്ജിമാര്‍ ഹര്‍ജി ഇനി പരിഗണിക്കേണ്ടതില്ലെന്ന് വിധിച്ചപ്പോള്‍ കേസ് വിശാല ബെഞ്ചിലേക്ക് വിടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ചന്ദ്രചൂഢ് ഇതിനോട് വിയോജിച്ചു. തുടര്‍ന്ന് ഏകവിയോജനവിധിയോടെ 4:1 എന്ന നിലയില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ തള്ളാന്‍ സുപ്രിംകോടതി തീരുമാനിക്കുകയായിരുന്നു.
ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍, ബി ആര്‍ ഗവായ് എന്നിവര്‍ കേസില്‍ ഇനി പുനപ്പരിശോധന ആവശ്യമില്ലെന്ന് വിധിയെഴുതി. ഈ കേസില്‍ വിശദമായ വാദം കേള്‍ക്കാനും എല്ലാ വാദങ്ങളുടെയും പൊരുള്‍ പരിശോധിക്കാനും അന്തിമതീരുമാനം എടുക്കാനും വിശാലബെഞ്ചിലേക്ക് വിടുകയാണ് ഉചിതം. അത് നിഷേധിക്കുന്നത് ഭരണഘടനാതത്വങ്ങളുടെ നിഷേധമാകുമെന്ന് വിധിയോട് വിയോജിച്ച് ജസ്റ്റിസ് ചന്ദ്രചൂഢ് എഴുതി
എന്നാല്‍ നേരത്തേ പുറപ്പെടുവിച്ച വിധിയില്‍ പുനപ്പരിശോധന എന്തുകൊണ്ട് വേണം എന്ന കാര്യം സ്ഥാപിക്കുന്ന രീതിയില്‍ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് മറ്റുജഡ്ജിമാര്‍ വ്യക്തമാക്കി.രണ്ട് പേജുള്ള വിധിന്യായമാണ് നാല് ന്യായാധിപരും ചേര്‍ന്ന് പുറത്തുവിട്ടത്.
2013ല്‍ തുടങ്ങിയതാണ് സുപ്രീംകോടതിയില്‍ ആധാറിനെച്ചൊല്ലിയുള്ള നിയമപോരാട്ടങ്ങള്‍. 2016ലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബഞ്ച് ആധാര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കാണിച്ച് ഭൂരിപക്ഷവിധി പ്രസ്താവിച്ചത്. സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും പാന്‍ കാര്‍ഡിനും ആദായനികുതി റിട്ടേണുകള്‍ക്കും ആധാര്‍ നിര്‍ബന്ധമായി തുടരും. എന്നാല്‍, ബാങ്ക് അക്കൗണ്ടിനും മൊബൈല്‍ നമ്പറിനും ആധാര്‍ വേണ്ട. സ്‌കൂള്‍ പ്രവേശനം, വിവിധ പരീക്ഷകള്‍ എന്നിവയ്ക്കും ആധാര്‍ ചോദിക്കരുത്. സ്വകാര്യ കമ്പനികള്‍ ആധാര്‍ ചോദിക്കരുത. ആധാര്‍ നിയമത്തിലെ ചില വകുപ്പുകളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.