ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വിവിപാറ്റിലെ സ്ലിപ്പുകള്‍ 100 ശതമാനവും എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിം കോടതി തള്ളി. ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപങ്കര്‍ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സന്തുലിതമായ കാഴ്ചപ്പാട് പ്രധാനമാണെങ്കിലും ഒരു വ്യവസ്ഥിതിയെ അന്ധമായി സംശയിക്കുന്നത് സന്ദേഹവാദം വളര്‍ത്തിയെടുക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അര്‍ഥവത്തായ വിമര്‍ശനം ആവശ്യമാണ്. അത് ജുഡീഷ്യറിയായാലും നിയമനിര്‍മ്മാണമായാലും. ജനാധിപത്യം എന്നത് എല്ലാ തൂണുകള്‍ക്കിടയിലും ഐക്യവും വിശ്വാസവും നിലനിര്‍ത്തുക എന്നതാണ്. വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സംസ്‌കാരം പരിപോഷിപ്പിക്കുന്നതിലൂടെ നമ്മുടെ ജനാധിപത്യത്തിന്റെ ശബ്ദം ശക്തിപ്പെടുത്താന്‍ നമുക്ക് കഴിയുമെന്നും ജസ്റ്റിസ് ദത്ത വിധിന്യായത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിയുടെ സമീപനം തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി രണ്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ചിഹ്നങ്ങള്‍ ഇവിഎമ്മില്‍ കയറ്റിയ ശേഷം സിംബല്‍ ലോഡിങ് യൂനിറ്റ് സീല്‍ ചെയ്ത് കണ്ടെയ്‌നറുകളില്‍ സുരക്ഷിതമാക്കണമെന്ന് കോടതി പറഞ്ഞു. സ്ഥാനാര്‍ഥികളും അവരുടെ പ്രതിനിധികളും മുദ്രയില്‍ ഒപ്പിടണം. എസ്എല്‍യു അടങ്ങിയ സീല്‍ ചെയ്ത കണ്ടെയ്‌നറുകള്‍ ഫലപ്രഖ്യാപനത്തിന് ശേഷം കുറഞ്ഞത് 45 ദിവസമെങ്കിലും ഇവിഎമ്മുകള്‍ക്കൊപ്പം സ്‌റ്റോര്‍ റൂമുകളില്‍ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.
കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെ വിവിപാറ്റ് എന്നിങ്ങനെ അഞ്ച് ശതമാനം ഇവിഎമ്മുകളിലെ ബേണ്‍ഡ് മെമ്മറി സെമികണ്‍ട്രോളര്‍ ഇവിഎം നിര്‍മാതാക്കളില്‍ നിന്നുള്ള ഒരു സംഘം എന്‍ജിനീയര്‍മാരുടെ സംഘം പരിശോധിച്ച് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പരാതിയുണ്ടെങ്കില്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് ഏഴ് ദിവസത്തിനുള്ളില്‍ അഭ്യര്‍ഥന നടത്തണം. അഭ്യര്‍ഥന നടത്തുന്ന സ്ഥാനാര്‍ഥിയാണ് ചെലവ് വഹിക്കേണ്ടത്. ഇവിഎമ്മുകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചെലവുകള്‍ തിരികെ നല്‍കണം. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ഇവിഎമ്മുകളില്‍ ഇടുന്ന ഓരോ വോട്ടും ക്രോസ് വെരിഫൈ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ ഒരുകൂട്ടം ഹരജികള്‍ നല്‍കിയത്. നിലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇവിഎമ്മുകള്‍ക്കായാണ് ക്രോസ് വെരിഫിക്കേഷന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങള്‍ക്കല്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനാവില്ലെന്നും സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു. കേവലം സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നും ചോദിച്ചിരുന്നു. ഹരജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്.