മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രിംകോടതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച വിഷയങ്ങളില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രിംകോടതി. ഡാം സുരക്ഷാ നിയമപ്രകാരമുള്ള എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ദേശീയ ഡാം സുരക്ഷ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരങ്ങളാണ് മേല്‍നോട്ട സമിതിക്ക് സുപ്രിംകോടതി കൈമാറിയത്. അണക്കെട്ടിന്റെ പരിപാലനം ഉള്‍പ്പടെയുള്ള ഉത്തരവാദിത്തമാണ് മേല്‍നോട്ട സമിതിക്ക് ലഭിക്കുക. അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്ക് 2021 ലെ ദേശീയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കാനും കോടതി സമിതിയോട് നിര്‍ദേശിച്ചു.
അണക്കെട്ടില്‍ പുതിയ സുരക്ഷാ പരിശോധനയും സുരക്ഷാ ഓഡിറ്റും മേല്‍നോട്ട സമിതിക്ക് നടത്താം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി മുതല്‍ മേല്‍നോട്ട സമിതി പരിഗണിക്കും. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കുള്ള പരാതികള്‍ സമയബന്ധിതമായി മേല്‍നോട്ട സമിതിക്ക് പരിഗണിക്കാം. സമിതിക്ക് എല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ നല്‍കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓരോ സാങ്കേതിക വിദഗ്ധര്‍ സമിതിയുടെ ഭാഗമാവും. ഡാമിന്റെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ദേശീയ സുരക്ഷാ അതോറിറ്റി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണം. അതുവരെ ഡാമിന്റെ പൂര്‍ണ മേല്‍നോട്ട ചുമതല സമിതിക്കായിരിക്കുമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് എ എസ് ഓഖ എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി ഇരുസംസ്ഥാനങ്ങളും സഹകരിക്കണമെന്നും സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാതിരിക്കുന്നത് കോടതി നടപടികള്‍ വിളിച്ചുവരുത്തുന്നതിന് കാരണമാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കാണ് സമിതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം. തീരുമാനങ്ങള്‍ നടപ്പാക്കുന്നു എന്ന് ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കും. താല്‍ക്കാലിക ഉത്തരവാണ് കോടതി പുറപ്പെടുവിച്ചതെന്നും വീണ്ടും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും വിധിയിലുണ്ട്. അടുത്ത മാസം 11ന് മേല്‍നോട്ട സമിതി തല്‍സ്ഥിതി റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
നിലവിലെ മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റണമെന്ന കേരളത്തിന്റെ ഹരജി തള്ളിയ സുപ്രിംകോടതി, കേരളവും തമിഴ്‌നാടും നിര്‍ദേശിക്കുന്ന ഓരോ വിദഗ്ധരെയും സമിതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സമിതിയുടെ ഘടനയില്‍ ഒരുമാറ്റവും വരുത്തില്ലെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാനെയോ, അല്ലെങ്കില്‍ അവിടുത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെയോ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് സുപ്രിംകോടതി തള്ളിയത്.