പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യക്കേസിലെ വിധി ഭയപ്പെടുത്തുന്നതും മോശം മാതൃകയുമെന്ന് അഭിഭാഷക സംഘടനകള്‍

വിധി സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തേയും സുപ്രിം കോടതിയെയും ജുഡീഷ്യറിയെയും ന്യായമായ വിമര്‍ശിക്കുന്നതിനേയും തടസ്സപ്പെടുത്തുന്ന ഒരു മോശം മാതൃക സൃഷ്ടിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

Update: 2020-08-17 13:04 GMT

ന്യൂഡല്‍ഹി: ട്വീറ്റുകളുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് വിധിച്ച സുപ്രിംകോടതി ഉത്തരവില്‍ കടുത്ത ആശങ്കയും വേദനയും പ്രകടിപ്പിച്ച് പ്രമുഖ അഭിഭാഷക സംഘടനകള്‍. വിധി സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തേയും സുപ്രിം കോടതിയെയും ജുഡീഷ്യറിയെയും ന്യായമായ വിമര്‍ശിക്കുന്നതിനേയും തടസ്സപ്പെടുത്തുന്ന ഒരു മോശം മാതൃക സൃഷ്ടിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

വിധിന്യായത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും വളരെയധികം ആശങ്കയുണ്ടെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ (എഐഎല്‍യു) പറഞ്ഞു. ഭീതിപ്പെടുത്തുന്നതും സുപ്രീംകോടതിയുടെ സ്വയം വരുത്തിയ മറ്റൊരു മുറിവുമാണ് വിധിന്യായമെന്നാണ് എഐഎല്‍യു ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രനാഥ് വിശേഷിപ്പിച്ചത്.

രാജ്യത്തെ ഇരുണ്ട രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഭൂഷന്റെ ട്വീറ്റുകളെ 'നിന്ദ്യവും അപമാനപരവുമായി' കാണാനാവില്ലെന്ന് മറ്റൊരു അഭിഭാഷക സമിതിയായ അഖിലേന്ത്യാ അഭിഭാഷക സമിതി (എഐഎല്‍സി) അഭിപ്രായപ്പെട്ടു. മതേതര പാര്‍ട്ടികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പരാജയപ്പെടുന്ന ഈ സമയത്ത്, സത്യം സംസാരിക്കാന്‍ ഭൂഷണ്‍ ധൈര്യം കാണിച്ചുവെന്ന് എഐഎല്‍സി ജനറല്‍ സെക്രട്ടറി അഭിഭാഷകന്‍ ഷറഫുദ്ദീന്‍ അഹ്മദ് പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി സത്യം സംസാരിക്കാന്‍ ധൈര്യപ്പെടുന്ന രാജ്യത്തെ അപൂര്‍വ നിര്‍ഭയ ശബ്ദമാണിതെന്നും ഭൂഷന്റെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് അഹ്മദ് പറഞ്ഞു.

ഈ ട്വീറ്റുകള്‍ കോടതിയലക്ഷ്യമെന്ന് വ്യക്തമാക്കികൊണ്ടുള്ള ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിന്യായം 'ഭരണഘടനാ ജനാധിപത്യത്തിന്റെ അടിത്തറ' ഇളക്കിയെന്ന് അഹ്മദ് അഭിപ്രായപ്പെട്ടു.

പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ് ഇതായിരുന്നു ''പൗരന്മാര്‍ക്ക് നീതി കിട്ടാനുള്ള സൗകര്യം നിഷേധിച്ചുകൊണ്ട് സുപ്രീം കോടതിയെ ലോക്ക്ഡൗണിലാക്കിയ ശേഷം ഇന്ത്യയുടെ ചീഫ്ജസ്റ്റിസ് ബി.ജെ.പി. നേതാവിന്റെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലയുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ ഓടിക്കുന്നു.''

''ഭാവിയില്‍ ചരിത്രകാരന്മാര്‍ ഇക്കഴിഞ്ഞ ആറു വര്‍ഷത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയില്‍ ഔപചാരിക അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ജനാധിപത്യം തകര്‍ക്കപ്പെട്ടതെങ്ങിനെയെന്ന് അവര്‍ കാണും. ആ തകര്‍ച്ചയില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ച് ഈ കാലയളവിലെ ഏറ്റവും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും'. എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

Tags:    

Similar News