റദ്ദാക്കിയ ഐടി ആക്ട് 66 എ പ്രകാരം കേസെടുക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് നോട്ടിസ് അയച്ച് സുപ്രിംകോടതി
എല്ലാ ഹൈക്കോടതികളുടെയും രജിസ്ട്രാര്‍ ജനറലിനും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
ന്യൂഡല്‍ഹി: റദ്ദാക്കിയ ഐടി ഐക്ട് 66 എ പ്രകാരം ഇപ്പോഴും കേസെടുക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രിംകോടതി നോട്ടിസ് അയച്ചു. ആറുവര്‍ഷം മുമ്പ് സുപ്രിംകോടതിയാണ് ഐടി നിയമത്തിലെ സെക്ഷന്‍ 66 എ റദ്ദാക്കിയത്. ഇപ്പോഴും പല സംസ്ഥാനങ്ങളിലെയും പോലിസ് സ്‌റ്റേഷനുകളില്‍ ഈ നിയമത്തിന്റെ പേരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. എല്ലാ ഹൈക്കോടതികളുടെയും രജിസ്ട്രാര്‍ ജനറലിനും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ജുഡീഷ്യറി ഇക്കാര്യം പ്രത്യേകം പരിശോധിക്കും. ഈ വിഷയത്തില്‍ കോടതികള്‍ക്ക് മാത്രമല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് നല്‍കണമെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വ്യക്തമാക്കി.
റദ്ദാക്കിയ ഐടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസെടുക്കുന്നതിനെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ഐടി ആക്ട് 66 എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പോലിസ് സ്‌റ്റേഷനുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഇപ്പോള്‍ നിലവിലില്ലാത്ത നിയമത്തിന്റെ പേരില്‍ കേസുകളെടുത്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. ഐടി ഐക്ട് 66 എ ജനാധിപത്യവിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിനെതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി റദ്ദാക്കിയിരുന്നത്.
സെക്ഷന്‍ 66 എ പ്രകാരം 'കുറ്റകരമായ' ഉള്ളടക്കം ഓണ്‍ലൈനില്‍ പോസ്റ്റുചെയ്തതിന് ആളുകളെ അറസ്റ്റുചെയ്യാന്‍ പോലിസിന് അധികാരം നല്‍കുന്ന വിവാദ നിയമം സുപ്രിംകോടതി 2015 മാര്‍ച്ചിലാണ് സുപ്രധാന വിധിന്യായത്തിലൂടെ റദ്ദാക്കിയത്. എന്നാല്‍, ഇതിനുശേഷവും വിവിധ സംസ്ഥാനങ്ങളില്‍ ഇതേ വകുപ്പ് പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു. അടുത്തിടെ നടന്ന ഒരു ഹിയറിങ്ങില്‍ ആയിരത്തിലധികം കേസുകള്‍ ഈ വകുപ്പുപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേട്ട് കോടതി ആശ്ചര്യപ്പെട്ടിരുന്നു.
'ഇത് ഞെട്ടിപ്പിക്കുന്നതാണ്, ഞങ്ങള്‍ നോട്ടീസ് നല്‍കും- ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരുടെ മൂന്നംഗ ബെഞ്ച് പറഞ്ഞു. 66 എ പ്രകാരം ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടനയാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. നിയമം റദ്ദാക്കിയ ശേഷവും ഇതേവകുപ്പ് പ്രകാരം മഹാരാഷ്ട്ര (381), ജാര്‍ഖണ്ഡ് (291), യുപി (245), രാജസ്ഥാന്‍ (192), ആന്ധ്രാപ്രദേശ് (38), അസം (59), ഡല്‍ഹി (28), കര്‍ണാടക (14), തെലങ്കാന (15), തമിഴ്‌നാട് (ഏഴ്), ബംഗാള്‍ (37) എന്നിങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.