രൂപേഷിനെതിരേ യുഎപിഎ പുനസ്ഥാപിക്കണമെന്ന ഇടത് സർക്കാർ ഹരജിയില്‍ സുപ്രിംകോടതി നോട്ടിസ്
വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: മാവോവാദി നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി നോട്ടിസയച്ചു. സെപ്തംബര്‍-19 ന് അകം കേസില്‍ നോട്ടിസിന് മറുപടി നല്‍കാന്‍ രൂപേഷിനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
വളയം, കുറ്റ്യാടി പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ല്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014 ല്‍ വളയം പോലിസ് സ്റ്റേഷനില്‍ ഒരു കേസിലുമാണ് രൂപേഷിനെതിരേ യുഎപിഎ നിയമം ചുമത്തിയിരുന്നത്. എന്നാല്‍ യുഎപിഎ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യുഷന്‍ അനുമതി കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പടിവിക്കുകയായിരുന്നു.
കേസില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കുന്ന റിപോര്‍ട്ടില്‍ അതോറിറ്റി ഒരാഴ്ചക്കകം തീരുമാനം എടുക്കണമെന്നാണ് 2008 ലെ ചട്ടത്തിലെ വ്യവസ്ഥ. ഇതിന്മേല്‍ സര്‍ക്കാരും ഒരാഴ്ചക്കകം അനുകൂല തീരുമാനമെടുക്കേണ്ടതുണ്ട്. പക്ഷേ രൂപേഷിന്റെ കേസില്‍ ഇത് ആറ് മാസം വരെ സമയം എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയയായിരുന്നു ഹൈക്കോടതിയുടെ വിധി.
അതേസമയം യുഎപിഎ ചുമത്തുന്നതിന് അനുമതി നല്‍കുന്ന 2008 ലെ ചട്ടത്തിലെ 3, 4 വകുപ്പുകള്‍ പ്രകാരം അനുമതി എന്നത് നിര്‍ദേശക സ്വഭാവം ഉള്ളത് മാത്രമാണ്. അല്ലാതെ നിര്‍ബന്ധിത സ്വഭാവം ഉള്ളത് അല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് വാദിച്ചു. യുഎപിഎ അതോറിറ്റി പുനസംഘടിപ്പിച്ച സമയമായതിനാലാണ് അനുമതി കൃത്യ സമയത്ത് നല്‍കാന്‍ കഴിയാത്തത്. ഇത് ഭരണപരമായ കാരണങ്ങളാല്‍ ആണ്. അല്ലാതെ രൂപേഷിന് എതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അല്ല യുഎപിഎ നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നും സ്റ്റാന്റിങ് കോണ്‍സല്‍ സുപ്രിംകോടതിയിൽ വിശദീകരിച്ചു.