ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ വധശ്രമക്കേസിലെ ശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ വിധിയാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്. ഇതോടെ ഇദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ട നടപടി പിന്‍വലിച്ചേക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജിയില്‍ ലക്ഷദ്വീപ് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. നേരത്തേ,
ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും വിധി മരവിപ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. സുപ്രീംകോടതി ഇപ്പോള്‍ വിധി സ്‌റ്റേ ചെയ്തതോടെ ഫൈസലിനെ അയോഗ്യനാക്കിയത് റദ്ദാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കിയേക്കും. മുഹമ്മദ് ഫൈസലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, കെ ആര്‍ ശശിപ്രഭു എന്നിവര്‍ ഹാജരായി.