വാക്‌സിന് രണ്ട് വില ഈടാക്കുന്നത് എന്തുകൊണ്ട്? വീണ്ടും കേന്ദ്രത്തെ കുടഞ്ഞ് സുപ്രിം കോടതി
കേന്ദ്രസര്‍ക്കാരിന് മുഴുവന്‍ വാക്‌സിനും വാങ്ങി വിതരണം ചെയ്ത് കൂടെയെന്നും പേറ്റന്റ് നല്‍കി വാക്‌സിന്‍ വികസനത്തിന് നടപടി എടുത്തൂടെയെന്നും കോടതി ചോദിച്ചു.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനമഴിച്ചുവിട്ട് വീണ്ടും സുപ്രിംകോടതി. വാക്‌സിന് രണ്ട് വില ഈടാക്കുന്ന സാഹചര്യം എന്തായിരുന്നുവെന്ന് സുപ്രിം കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് മുഴുവന്‍ വാക്‌സിനും വാങ്ങി വിതരണം ചെയ്ത് കൂടെയെന്നും പേറ്റന്റ് നല്‍കി വാക്‌സിന്‍ വികസനത്തിന് നടപടി എടുത്തൂടെയെന്നും കോടതി ചോദിച്ചു. കൊവിഡ് സാഹചര്യം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
കൊവിഡിന്റെ വ്യാപനം തടയുന്നതിന് കൈകൊണ്ട നിയന്ത്രണങ്ങള്‍, ടാങ്കറുകളുടെയും സിലിണ്ടറുകളുടെയും വിതരണം, വാക്‌സിന്‍ തുല്യത ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെക്കുറിച്ചും സുപ്രിംകോടതി ആരാഞ്ഞു.
യുഎസില്‍ വാക്‌സിന്‍ 2.15 ഡോളറിനും യൂറോപ്യന്‍ യൂനിയനില്‍ 3 ഡോളറിനും ലഭ്യമാകുമ്പോള്‍, ഇന്ത്യയില്‍ 400 രൂപയ്ക്ക് വില്‍ക്കുന്നത് എങ്ങിനെയാണെന്നും ഇത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെന്നും കോടതി പ്രതികരിച്ചു. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകള്‍ നിരാലംബരാണ്, അവരെ സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന തരത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
വാക്‌സിന്‍ നിര്‍മാണത്തിന് സ്വകാര്യ കമ്പനികള്‍ക്ക് എന്തിന് 4500 കോടി രൂപ നല്‍കിയെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു.കൊവിഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയ നടപടിയേയും കോടതി വിമര്‍ശിച്ചു. ഇന്റര്‍നെറ്റ് നിരക്ഷായവര്‍ എങ്ങനെയാണ് വാക്‌സിന് രജിസ്റ്റര്‍ ചെയ്യുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. ശ്മശാന തൊഴിലാളികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചോയെന്നും കോടതി അന്വേഷിച്ചു.