സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും

ജാമ്യ ഹരജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ്.

Update: 2022-08-28 03:09 GMT

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ ആദ്യ പ്രവര്‍ത്തി ദിവസം തന്നെ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി പരി​ഗണിക്കും. നാളെ കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യ ഹരജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹാഥ്‌റസ് സംഭവം റിപോർട്ട് ചെയ്യാൻ പോകുന്നതിനിടെ ഉത്തര്‍പ്രദേശ് പോലിസ് യുഎപിഎ കേസില്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നല്‍കിയ ജാമ്യ ഹരജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ്. നേരത്തെ കാപ്പന്റെ ജാമ്യ അപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ പഹാല്‍ തള്ളിയിരുന്നു.

സിദ്ദിഖ് കാപ്പനും കൂട്ടാളികളും കളങ്കിത പണം ഉപയോഗിച്ചുവെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം തള്ളികൊണ്ടുള്ള ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഹാഥ്റസില്‍ കാപ്പന് ഒരു ജോലിയും ഇല്ലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പടിവിച്ച ഉത്തരവില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കാപ്പന്റെ കൂട്ട് പ്രതി മുഹമ്മദ് ആലമിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച ജാമ്യം അനുവദിച്ചിരുന്നു. മുഹമ്മദ് ആലം തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടതിനോ, രാജ്യത്തിന് എതിരേ പ്രവര്‍ത്തിച്ചതായോ പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിട്ടില്ലെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിദ്ദിഖ് കാപ്പന് വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായേക്കും.

Similar News